കണ്ണൂര്‍: തന്റെ സി.പി.ഐ.എം ബന്ധത്തെ അടയാളപ്പെടുത്താന്‍ സ്വന്തം പേര് തന്നെ ധാരാളമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സി.പി.ഐ.എം സമ്മേളനത്തില്‍ വന്നത് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ലെന്നും മറിച്ച് നിങ്ങളിലൊരാളായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എല്ലാത്തിനും മേല്‍ എന്റെ പേര് സ്റ്റാലിന്‍. ഇതിനേക്കാളുനമധികം എനിക്കും നിങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല. അതുകൊണ്ട് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്.” അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ഇന്ത്യയിലെ തന്നെ വേറിട്ട മുഖ്യമന്ത്രിയാണെന്നും ഭരണത്തില്‍ തനിക്ക് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
”ആദ്യമായി നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഞാന്‍ അനുമോദിക്കുന്നു. അത് കേവലം മുഖ്യമന്ത്രിയുടെ കടമകള്‍ നന്നായി നിര്‍വഹിക്കുന്നതുകൊണ്ട് മാത്രമല്ല, ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അദ്ദേഹം വേറിട്ട് നില്‍ക്കുകയാണ്.
സ്റ്റേറ്റിന്റെ അവകാശങ്ങള്‍, മതേതരത്വം, തുല്യത, സ്ത്രീകളുടെ അവകാശങ്ങള്‍ ഇതിന്റെയൊക്കെ മുഖമാണ് സഖാവ് പിണറായി വിജയന്‍. ഭരണത്തില്‍ പിണറായി വിജയന്‍ തന്റെ വഴികാട്ടിയാണ്.
ഈ സെമിനാറില്‍ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഡി.എം.കെയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഇന്ത്യന്‍ വൈവിധ്യത്തെ ഭരണഘാടനാ ശില്‍പികള്‍ പോലും അംഗീകരിച്ചതാണ്.
ഒന്നു മാത്രം മതിയെന്ന ആശയം രാജ്യത്തെ നശിപ്പിക്കും. നാനാത്വതം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പിന് മുകളില്‍ കടന്നു കയറരുത്.
കണ്ണൂര്‍ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് വിശേഷിപ്പിക്കേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണ് കണ്ണൂര്‍. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂര്‍,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കടുക്കുന്നതിനായാണ് സ്റ്റാലിന്‍ കണ്ണൂരെത്തിയത്. സ്റ്റാലിന് പുറമെ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.