| Friday, 1st March 2024, 9:15 am

മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം; കേന്ദ്ര പദ്ധതികള്‍ തടസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്: എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതിയാണ് സംസ്ഥാനത്ത് തടസപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തിരുനെല്‍വേലിയില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പദ്ധതികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍.

ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമവും നീറ്റും ഡി.എം.കെ സര്‍ക്കാര്‍ നിരാകരിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇരു പദ്ധതികളും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

‘മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയം പ്രകടമാണ്. ഡി.എം.കെയെയും തമിഴ്‌നാട് സര്‍ക്കാരിനെയും പ്രധാനമന്ത്രി അപകീര്‍ത്തിപ്പെടുത്തുകയാണ്,’ എന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എയിംസിനോടും മെട്രോ റെയിലിനോടും ഡി.എം.കെ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും കേന്ദ്ര സംരംഭങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ എപ്പോഴെങ്കിലും വിട്ടുനിന്നിട്ടുണ്ടോയെന്നും സ്റ്റാലിന്‍ ചോദ്യം ഉയര്‍ത്തി. എം.കെ. സ്റ്റാലിന്റെ എഴുപത്തിയൊന്നാം ജന്മദിനത്തിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം മോദിയുടെ ആരോപണത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

സാമാന്യവല്‍ക്കരിച്ച ആരോപണങ്ങളാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ നരേന്ദ്ര മോദി ഉന്നയിക്കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളിലും അവകാശങ്ങളിലും അനാവശ്യമായി കടന്നുകയറ്റം നടത്തുന്ന നരേന്ദ്ര മോദിക്ക് തമിഴ്‌നാടിനെതിരെ ആരോപണം ഉയര്‍ത്താന്‍ യോഗ്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പുതിയ വിദ്യാഭ്യാസ നയത്തെയും പഴയ മൂന്ന് കാര്‍ഷിക നിയമങ്ങളെയും ഡി.എം.കെ എതിര്‍ത്തിരുന്നെനും ഇതിനുള്ള കാരണങ്ങള്‍ തങ്ങള്‍ വിശദമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് നിലവില്‍ പാര്‍ട്ടിക്കുള്ളതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: MK Stalin said that Modi’s face shows the fear of losing the election

We use cookies to give you the best possible experience. Learn more