കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമന്‍?; സ്റ്റാലിന്റെ മകന്‍ ഡി.എം.കെ യുവജന സംഘടനാ തലപ്പത്തേക്ക്
India
കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമന്‍?; സ്റ്റാലിന്റെ മകന്‍ ഡി.എം.കെ യുവജന സംഘടനാ തലപ്പത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2019, 3:30 pm

ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി ഡി.എം.കെ.യുടെ യുവജനവിഭാഗം സെക്രട്ടറിയായേക്കുമെന്ന് സൂചന. നീണ്ട 35 വര്‍ഷം സ്റ്റാലിന്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന്‍ എത്തുന്നത്. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുന്‍മന്ത്രി വെള്ളക്കോവില്‍ സ്വാമിനാഥന്‍ സ്ഥാനം രാജിവെക്കുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധി നേതൃസ്ഥാനത്തേക്കെത്തുന്നത്.

ഉദയനിധിയുടെ സ്ഥാനം സംബന്ധിച്ച് വ്യാഴാഴ്ച ഡി.എം.കെ. നേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഉദയനിധിയെ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചാല്‍, കരുണാനിധി കുടുംബത്തിലെ പാര്‍ട്ടിയുടെ പ്രധാന ചുമതലയേറ്റെടുക്കുന്ന നാലാമത്തെ അംഗമാകും ഇദ്ദേഹം. സ്റ്റാലിനും കനിമൊഴിക്കും അഴഗിരിക്കും ശേഷമാണ് കുടുംബത്തില്‍നിന്നും ഉദയഗിരി എത്തുന്നത്.

നിലവില്‍ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി. പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും ഉദയനിധിയുടെ പങ്കുണ്ട്.

ജൂണിലാണ് മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ വെള്ളക്കോവില്‍ സ്വാമിനാഥന്‍ യൂത്ത് വിങ് സെക്രട്ടറി സ്ഥാനത്തുനിന്നും വ്യക്തിപരമായ കാര്യങ്ങളുന്നയിച്ച് രാജി വെച്ചത്.

രാഷ്ട്രീയത്തിലേക്ക് ഉദയനിധി ഔദ്യോഗിക പ്രവേശനം നടത്തിയിട്ടില്ലെങ്കിലും ഡി.എം.കെയുടെ പ്രവര്‍ത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായിരുന്നു. പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉദയനിധി എത്തുന്നതോടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ഡി.എം.കെ. നേതാക്കളുടെ പ്രതീക്ഷ. ഉദയനിധി പാര്‍ട്ടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കുമെന്ന സൂചന പല നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.