തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മറുപടി.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് അറിയിച്ച സ്റ്റാലിന്‍ അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും , റൂള്‍ കര്‍വ് അനുസരിച്ചാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും അറിയിച്ചു.
അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും, കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഉറപ്പ് നല്‍കി.
സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചത്. അണക്കെട്ടിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിച്ച് ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കാന്‍ അടിയന്തരമായ ഇപെടലുണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ പിണറായി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇത് ഏറെ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഈ കാരണത്താലാണ് ഷട്ടറുകള്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് എങ്കിലും കേരളത്തെ അറിയിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പിണറായി വിജയന്‍ സ്റ്റാലിന് കത്തയച്ചത്.
Content Highlight: MK Stalin’s reply on Pinarayi Vijayan’s Letter regarding Mullapperiyar dam