ചെന്നൈ: ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
നീറ്റ് വിരുദ്ധ ബില്ലിനെച്ചൊല്ലിയാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനം ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ചോദിക്കുകയല്ല, ഒരു ‘പോസ്റ്റ്മാനെ’ പോലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചാല്‍ മതിയെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ഡി.എം.കെ ഭരണകാലത്ത് രണ്ടുതവണ നിയമസഭയില്‍ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും തമിഴ്നാടിനുള്ള ദേശീയ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിന്റെ (നീറ്റ്) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ബില്ലിന് ഗവര്‍ണറോട് അനുമതി ചോദിക്കുകയല്ല ഞങ്ങള്‍. ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ബില്‍ രാഷ്ട്രപതിക്ക് അയക്കണമെന്നാണ്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു.
സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന തരത്തില്‍ തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി അവതരിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു.
Content Highlights: MK Stalin’s “Postman” Jab At Tamil Nadu Governor Over Anti-NEET Bill