ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശിപാര്‍ശക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിച്ച് വീണ്ടും ഒരു ഭാഷായുദ്ധത്തിന് നിര്‍ബന്ധിക്കരുതെന്ന് സ്റ്റാലിന്‍ താക്കീത് നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി നയം സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ലെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവരെ മാത്രം ഇന്ത്യന്‍ പൗരന്മാരായും മറ്റുള്ളവരെ രണ്ടാംതരം പൗരന്മാരായും ഉയര്‍ത്തിക്കാട്ടുന്നത് ഭിന്നിപ്പിച്ച് ഭരിക്കുന്നതിലേക്കാണ് നയിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒരു പൊതുഭാഷ നിര്‍ബന്ധമാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
‘ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാനും പകരം രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാനും ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നാനാത്വത്തില്‍ ഏകത്വമെന്നതാണ് രാജ്യം ഉയര്‍ത്തി പിടിക്കുന്നത്. അതിനാല്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും തുല്യമായി പരിഗണിക്കപ്പെടണം. തുല്യ അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്,’ എം.കെ. സ്റ്റാലിന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.