| Thursday, 19th December 2019, 3:42 pm

വിയോജിപ്പിനുള്ള ഇടം ചുരുങ്ങുമ്പോള്‍, ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറും; നേതാക്കളുടെ അറസ്റ്റില്‍ അപലപിച്ച് എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയേയും സ്വരാജ് അഭിയാന്‍ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെയും സി.പി.ഐ.എം നേതാക്കളേയും കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ അപലപിച്ച് ഡി.എം.കെ മേധാവി എം.കെ സ്റ്റാലിന്‍.

ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും വിയോജിപ്പിനുള്ള ഇടം ചുരുങ്ങുമ്പോള്‍, ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയാണ് ഇത്. വിയോജിപ്പിനുള്ള ഇടം ചുരുങ്ങുമ്പോള്‍ ജനാധിപത്യത്തിന് പകരം സ്വേച്ഛാധിപത്യം പിടിമുറുക്കും-സ്റ്റാലിന്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ നിരവധി പ്രതിഷേധപരിപാടികള്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

ആദ്യഘട്ട പ്രതിഷേധത്തില്‍ ചെന്നൈയിലെ യുവജന വിഭാഗം നേതാവ് ഉദയനിധി സ്റ്റാലിന്‍ ബില്ലിന്റെ പകര്‍പ്പുകള്‍ വലിച്ചുകീറിയായിരുന്നു പ്രതിഷേധിച്ചത്.

കാഞ്ചീപുരം ജില്ലയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സ്റ്റാലിന്‍ ഡിസംബര്‍ 23 ന് ചെന്നൈയില്‍ ഒരു പ്രകടനത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.

നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ജനപങ്കാളിത്തമാണ് കാണുന്നത്.

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. ദല്‍ഹിയിലേക്കുള്ള ദേശീയപാത അടച്ചിട്ടുണ്ട്. എന്‍.എച്ച് 47 ഉം മറ്റു പ്രധാന റോഡുകളുമാണ് അടച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയിലേക്ക് എത്താതിരിക്കാനാണ് നടപടി. ഇതിനൊപ്പം ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ റദ്ദാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more