| Thursday, 27th August 2020, 6:09 pm

അവരുടെ ശബ്ദം രാജ്യത്തെ അറിയിക്കാന്‍ കൂടെ നില്‍ക്കണം; നീറ്റ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളത്തോടുള്‍പ്പെടെ എം.കെ സ്റ്റാലിന്റെ അഭ്യര്‍ഥന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീറ്റ് പരീക്ഷ നീട്ടിവെക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന ഒഡീഷ എന്നീ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.

കൊവിഡ്, പ്രളയം എന്നീ ദുരന്തങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ക്ഷേമവും ഭാവിയും മുന്‍നിര്‍ത്തി നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്.

കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടെയും ശബ്ദം രാജ്യമൊട്ടാകെ എത്തിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ അദ്ദേഹം പറയുന്നു.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു.

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGH LIGHTS: MK STALIN ON NEET AND JEE EXAMS

We use cookies to give you the best possible experience. Learn more