ചെന്നൈ: തമിഴ്നാട്ടില്‍ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ പ്രമേയം പാസാക്കി സംയുക്ത ആക്ഷന്‍ കമ്മിറ്റി. അടുത്ത 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കണമെന്നാണ് പ്രമേയം. സുതാര്യതയില്ലാതെ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. അടുത്ത യോഗം ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സംയുക്ത സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ബി.ജെ.ഡി, ബി.ആര്‍.എസ്, എസ്.എ.ഡി പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഒഡിഷ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായികും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഡി.എം.കെ എം.പി കനിമൊഴിയാണ് യോഗത്തിൽ അതിര്‍ത്തി നിര്‍ണയം മരവിപ്പിക്കാനുള്ള സംയുക്ത പ്രമേയം യോഗത്തില്‍ വായിച്ചത്.
എല്ലാ കക്ഷികളുമായുള്ള ഉചിതമായ ആശയവിനിമയത്തിന് ശേഷം മാത്രമേ മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കാവൂ, 1971 സെന്‍സസ് അടിസ്ഥാനപ്പെടുത്തിയുള്ള മണ്ഡല നിര്‍ണയം 25 വര്‍ഷത്തേക്ക് കൂടി തുടരണം, ജനസംഖ്യ നിയന്ത്രണം വിജകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്, ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം,
സംയുക്ത യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ കോര്‍ കമ്മിറ്റിയായി പ്രവര്‍ത്തിക്കും, ഇതുസംബന്ധിച്ച് നടപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കും, യോഗത്തില്‍ പങ്കെടുത്ത കക്ഷികള്‍ അതാത് നിയമസഭകളില്‍ പ്രമേയം പാസാക്കാന്‍ ശ്രമിക്കും, പൊതുജനനഭിപ്രായ രൂപീകരണത്തിന് കര്‍മ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കും തുടങ്ങിയ നിര്‍ദേശങ്ങളും തീരുമാങ്ങളുമാണ് യോഗത്തില്‍ ഉണ്ടായത്.
യോഗത്തില്‍ ചെന്നൈയില്‍ നടന്നത് ഇന്ത്യയുടെ ഫെഡറലിസത്തെ അതിന്റെ യഥാര്‍ത്ഥ ആത്മാവില്‍ നിലനിര്‍ത്തുന്നതിനും സുതാര്യമായ അതിര്‍ത്തി നിര്‍ണയത്തിനായി ഐക്യത്തോടെ നിലകൊള്ളുന്നതിനുമുള്ള ശക്തമായ ഒത്തുചേരലാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
ഈ നീക്കം അതിര്‍ത്തി നിര്‍ണയത്തിന് എതിരല്ല. ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണത്തിലൂടെ ദേശീയ പുരോഗതിക്ക് സംഭാവന നല്‍കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാത്ത നീതിയുക്തമായ പ്രക്രിയയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
തങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള ഏതൊരു ശ്രമവും തങ്ങളുടെ ശബ്ദത്തിനും അവകാശങ്ങള്‍ക്കും ഭാവിക്കും നേരെയുള്ള ആക്രമണമാണെന്നും എം.കെ. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഈ പോരാട്ടം വിജയിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന തീരുമാനമാണ് കേന്ദ്രം നടപ്പാക്കാന്‍ പോകുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ആദ്യം വേണ്ടതെന്നും മണ്ഡല പുനര്‍നിര്‍ണയനത്തിലുള്ള കേന്ദ്രത്തിന്റെ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യത്തെയും അസ്ഥിരപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.
അതിര്‍ത്തി നിര്‍ണയം എന്നത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതല്ലെന്നും ഇന്ത്യയിലെ ജനാധിപത്യത്തിന്റെയും ഭാഷാ സംസ്‌കാരത്തിന്റെയും ഫെഡറല്‍ ഘടനയുടെയും ഭാവിയെയും ബാധിക്കുന്നതാണെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
സ്റ്റാലിന്‍ നയിക്കുന്ന സംയുക്ത സമ്മേളനത്തിന് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഡി.കെ. ശിവകുമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ പിന്തുണയില്ലാതെ താന്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. നേരത്തെ സംയുക്ത യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയോട് കൂടി മാത്രമേ പങ്കെടുക്കുള്ളുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.എം.കെ നേതൃത്വത്തെ അറിയിച്ചിരുന്നു.
മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ സ്റ്റാലിന്‍ നടത്തുന്ന നിര്‍ണായകമായ നീക്കത്തിന്റെ ഭാഗമായിരുന്നു ചെന്നൈയിലെ സംയുക്ത യോഗം. നേരത്തെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് പിന്നിലെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് തുറന്നുക്കാട്ടുമെന്ന് സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സ്റ്റാലിന്റെ നിലപാടിനോട് യോജിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടാന്‍ തീരുമാനിക്കുകയുമായിരുന്നു.
ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കിയ ഏക സംസ്ഥാനം കൂടിയാണ് തമിഴ്നാട്. 1971ലെ ജനസംഖ്യ സെന്‍സസ് മാനദണ്ഡമാക്കിയായിരിക്കണം പുനര്‍നിര്‍ണയമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. 71ലെ സെന്‍സസിന് ശേഷം മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തിയെങ്കിലും ലോക്സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരുന്നില്ല.
മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറയുന്നു എന്നതാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നു എന്നത് ആദ്യത്തേതിനേക്കാള്‍ ആശങ്ക ഉയര്‍ത്തുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, 148 കോടി. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ക്യാമ്പയിനിലൂടെയും ബോധവത്ക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൃത്യമായ ജനനസംഖ്യ നിയന്ത്രണ പദ്ധതികള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലേത്. ഈ നയപരിപാടികളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തിരിച്ചടിക്കുക.
ദക്ഷിണേന്ത്യയില്‍ ആകെയുള്ളത് 129 മണ്ഡലങ്ങളാണ്. ഇന്ത്യയിലാകെ 543 മണ്ഡലങ്ങളും. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടക്കുന്നതോടെ ഇത് 753 ആയി വര്‍ധിക്കും. പക്ഷെ ദക്ഷിണേന്ത്യയില്‍ വര്‍ധിക്കുക 15 മണ്ഡലങ്ങള്‍ മാത്രം. അതേസമയം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും.
Content Highlight: MK Stalin-led panel passes resolution, seeks delimitation freeze for 25 more years