| Saturday, 28th August 2021, 8:37 pm

ജയലളിതയുടെ ചിത്രമുള്ള ബാഗുകള്‍ മാറ്റേണ്ട, ആ പണം വിദ്യാര്‍ത്ഥികള്‍ക്ക്; തീരുമാനവുമായി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്. ഇത് മാറ്റി നല്‍കുന്നതിന് വലിയ തുക ചെലവ് വരുമായിരുന്നു.

എന്നാല്‍ ബാഗുകള്‍ നിലനിര്‍ത്താമെന്ന നിര്‍ദേശത്തിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുക.

ചിത്രങ്ങള്‍ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ബജറ്റ് സമ്മേളന കാലത്ത് എം.എല്‍.എമാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ആഡംബര സമ്മാനങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും സ്റ്റാലിന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇനിമുതല്‍ എം.എല്‍.എമാര്‍ സ്വന്തം നിലയില്‍ ഭക്ഷണം ഏല്‍പ്പിക്കുകയോ അതുമല്ലെങ്കില്‍ കാന്റീനില്‍ പോയി കഴിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

വര്‍ഷങ്ങളായി ഓരോ വകുപ്പുകളാണ് നിയമസഭ സാമാജികര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിദിനം 1000 പേര്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇത് ഏകദേശം മൂന്നു ലക്ഷം രൂപയോളം പ്രതിദിനം ചെലവ് വരും.

കൂടാതെ വിലകൂടിയ ട്രോളി ബാഗുകള്‍, വാച്ചുകള്‍ എന്നിവയെല്ലാം ബജറ്റ് സമ്മേളന കാലയളവില്‍ നല്‍കി പോന്നിരുന്നു. ഈ ധൂര്‍ത്തിനാണ് സ്റ്റാലിന്‍ അവസാനമിട്ടത്.

അതേസമയം തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് സ്റ്റാലിന്‍ നിര്‍ദേശിച്ചതും വാര്‍ത്തയായിരുന്നു.

‘ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യോത്തരവേളകളിലും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുത്. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

ഇത് അഭ്യര്‍ത്ഥനയല്ലെന്നും തന്റെ ഉത്തരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും നിയമസഭയിലും സജീവമായിരിക്കണമെന്ന് സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: MK Stalin Jayalalitha named Bag DMK Tamilnadu

We use cookies to give you the best possible experience. Learn more