ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരുങ്ങുന്ന രജനികാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി ഒന്നിലധികം ശക്തികളാണ് രംഗത്തുള്ളതെന്നും ചിലര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവരുന്നുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന ഡി.എം.കെയുടെ പഞ്ചായത്ത് യൂണിയന്‍ സെക്രട്ടറിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും എ.ഐ.ഡി.എം.കെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍തുകയാണ് ഇറക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. 200 സീറ്റുകള്‍ തെരഞ്ഞെടുപ്പില്‍ നേടണമെന്നാണ് ഡി.എം.കെയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരിയില്‍ തുടക്കമാകും. ഡിസംബര്‍ 23 മുതല്‍ ജനുവരി പത്ത് വരെ16,000 ഗ്രാമസഭകള്‍ പാര്‍ട്ടി വിളിച്ചുചേര്‍ക്കാനും ഈ സഭകള്‍ എ.ഐ.എ.ഡി.എം.കെയുടെ ഭരണപോരായ്മകള്‍ ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കാനും തീരുമാനിച്ചതായും എം.കെ സ്റ്റാലിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ രംഗത്ത് ഇറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായത്. അതിന് കാരണം അമിതമായ ആത്മവിശ്വാസമായിരുന്നെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.
ഡിസംബര്‍ 31 നാണ് രജനികാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക. ജനുവരിയില്‍ പാര്‍ട്ടി പ്രഖ്യാപനവും നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: MK Stalin indirectly criticized Rajinikanth