| Tuesday, 16th November 2021, 8:05 am

നദീജല പ്രശ്നം സൗഹാര്‍ദത്തോടെ പരിഹരിക്കാന്‍ തമിഴ്‌നാട് തയ്യാര്‍: എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ തമിഴ്‌നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിര്‍ണായകമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതി തടസ്സപ്പെടുത്തും. ശത്രുതയ്ക്കും ഇടയാക്കും. ജലക്ഷാമമുള്ള സംസ്ഥാനമാണ് തമിഴ്നാട്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കണം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് കര്‍ഷക സമൂഹമാണ്. പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷിക്കേണ്ടത് കൂടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കാനും പ്രശ്‌നങ്ങള്‍ ക്രിയാത്മകമായും സൗഹാര്‍ദപരമായും പരിഹരിക്കാനും തമിഴ്നാട് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച തിരുപ്പതിയില്‍ നടന്ന ദക്ഷിണ സോണല്‍ സമിതിയുടെ 29-ാം യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി സ്റ്റാലിന്റെ പ്രസംഗം വായിക്കുകയായിരുന്നു. മഴക്കെടുതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തിരക്കിലായതിനാല്‍ സ്റ്റാലിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  MK Stalin has said that Tamil Nadu is ready to resolve the river water issues between the states in a way that is beneficial to all. 

We use cookies to give you the best possible experience. Learn more