| Sunday, 2nd June 2019, 10:25 pm

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല; അണ്ണൈ സോണിയ ഗാന്ധിക്ക് ആശംസകള്‍: എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധിക്ക് ആശംസകളുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ‘ബഹുമാനപ്പെട്ട അണ്ണൈ (അമ്മ) സോണിയ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’- സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ ബഹുമാനപൂര്‍വം അണ്ണൈ (അമ്മ) എന്നാണ് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ഇന്ത്യയുടെ ബഹുത്വം, മതേതരത്വം, സാമൂഹ്യ നീതി, സമത്വം എന്നിവയുടെ ശാശ്വതമായ സംരക്ഷകരാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ടവരും മധ്യവര്‍ഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്നു’വെന്നും സ്റ്റാലിന്‍ പറഞ്ഞു.

നേരത്തെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു.

തമിഴ്നാട്ടിലെ ജനങ്ങളുടെ രക്തത്തില്‍ ഹിന്ദിയില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ല. ‘ തമിഴ്നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണ്’ എന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more