കേരളത്തിന് സഹായവുമായി സ്റ്റാലിന്‍; ഡി.എം.കെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കും
Heavy Rain
കേരളത്തിന് സഹായവുമായി സ്റ്റാലിന്‍; ഡി.എം.കെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 9:14 pm

ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു.

ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.

‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

‘സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.

അതേസമയം, മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക.

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ ഷട്ടറിന്റെ 80 സെന്റിമീറ്ററാണ് ഉയര്‍ത്തുക.


മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MK Stalin donates 1 Crore to Kerala