ജയിലറിനെ അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍; മറുപടിയുമായി നെല്‍സണ്‍
രജിനികാന്ത് ചിത്രം ജയിലറിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലിപ് കുമാറിന് അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സ്റ്റാലിന്‍ സന്ദര്‍ശിച്ച ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ട് നെല്‍സണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാലിന് നെല്‍സണ്‍ നന്ദിയും കുറിച്ചു.
‘ജയിലര്‍ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സാറിന് നന്ദി. അഭിനന്ദനങ്ങള്‍ക്കും പ്രചോദനത്തിനും നന്ദി. ഞങ്ങളുടെ മുഴുവന്‍ കാസ്റ്റിനും ക്രൂവിനും അങ്ങയുടെ വാക്കുകളില്‍ സന്തോഷമുണ്ട്,’ നെല്‍സണ്‍ കുറിച്ചു.
റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ജയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ 100 കോടി നേടിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഓപ്പണിങ് കളക്ഷന്‍ 26 കോടിയാണ്. കേരളത്തില്‍ നിന്ന് 5.85 കോടിയും 11.85 കോടി കര്‍ണാടകയില്‍ നിന്നും ജയിലര്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടി. 12 കോടിയാണ് തെലുങ്കിലെ കളക്ഷന്‍. സൗത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ജയിലറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
2023 ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും രജിനിയുടെ ജയിലര്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. 24. 59 കോടി നേടിയ തുനിവ്, 21 കോടി നേടിയ പൊന്നിയിന്‍ സെല്‍വന്‍ , 19.43 കോടി നേടിയ വാരിസ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ജയിലര്‍ 2023ലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രമായത്.
മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരെ കൂടാതെ വന്‍ താരനിരയാണ് രജിനിക്കൊപ്പം ജയിലറില്‍ എത്തിയിരിക്കുന്നത്. രമ്യ കൃഷ്ണന്‍, വസന്ത രവി, സുനില്‍, കിഷോര്‍, തമന്ന, ജി. മാരിമുത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Content Highlight: MK Stalin congratulates the jailer; Nelson replied