| Friday, 13th September 2024, 8:56 am

യെച്ചൂരി നിര്‍ഭയനായ നേതാവെന്ന് എം.കെ സ്റ്റാലിന്‍; അനുശോചനമറിയിച്ച് മറ്റ് നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇടതുപക്ഷപ്രസ്ഥാനത്തിന്റെ  നിര്‍ഭയനായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അടിയന്തരാവസ്ഥയ്‌ക്കെതിരെയും അനീതിക്കെതിരെയും പോരാടി നീതിക്ക് വേണ്ടി ഉറച്ചുനിന്ന സഖാവിന് റെഡ്‌സല്യൂട്ട് നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ശക്തനും ഇന്ത്യയിലെ ഉന്നതനുമായ സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. സഖാവ് യെച്ചൂരി നിര്‍ഭയനായ നേതാവായിരുന്നു. ചെറുപ്പം മുതലേ നീതിയോട് പ്രതിബന്ധത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി നേതാവെന്നതില്‍ തുടങ്ങി അടിയന്തരാവസ്ഥാക്കെതിരെ പോരാടിയ ധീരനായ വ്യക്തിയാണദ്ദേഹം.

തൊഴിലാളി വര്‍ഗത്തിനുവേണ്ടിയും മതനിരപേക്ഷത, സമത്വം, സാമൂഹ്യനീതി, പുരോഗമന ആശയങ്ങള്‍ എന്നിവയ്ക്ക് വേണ്ടി നിലകൊണ്ട സഖാവ് സീതാറാം യെച്ചൂരിയുമായുള്ള സൗഹൃദം ഞാനെപ്പോഴും വിലമതിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തിനും സഖാക്കള്‍ക്കുമുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തുന്നു. റെഡ് സല്ല്യൂട്ട്,’സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിന് പുറമെ ഗവര്‍ണര്‍ ആര്‍.എന്‍.രവി, നാഗാലന്റ് ഗവര്‍ണര്‍ എല്‍.ഗണേശന്‍ തുടങ്ങി നിരവധി നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഖാവിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു നാഗലന്റ് ഗവര്‍ണര്‍ എല്‍.ഗണേശന്‍ പറഞ്ഞത്.

1952ല്‍ ജനിച്ച യെച്ചൂരിയുമായി തമിഴ്‌നാട് ഘടകത്തിന്റെ പല സമ്മേളനങ്ങളിലും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബന്ധം രാജ്യത്തിന് തന്നെ മുതല്‍ കൂട്ടായിരുന്നു.

അടിയന്തരാവസ്ഥാകാലത്തുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം സ്മരിക്കുന്നതായും യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിനും മതേതര സംഘടനകള്‍ക്കും തീരാനഷ്ടമാണെന്നും തമിഴ്‌നാട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ അനുശോചിച്ചു.

ഇവരെ കൂടാതെ തമിഴ്‌നാട് സി.പി.ഐ സംസ്ഥാനസെക്രട്ടറി ആര്‍. മുത്തരശ്ശന്‍, സംസ്ഥനത്തെ ഇടതുപക്ഷ നേതാക്കള്‍, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തുടങ്ങിയ നേതാക്കള്‍ സീതാറാം യെച്ചൂരിക്ക് അനുശോചനമറിയിച്ചു.

കഴിഞ്ഞ മാസം 19ന് ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്നലെ ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെ നിര്യാതനാവുകയായിരുന്നു.

Content Highlight: MK STALIN called YECHURI a fearless leader; other leaders expressed their condolences

We use cookies to give you the best possible experience. Learn more