| Saturday, 12th August 2023, 11:29 pm

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി ചിന്ത തടയണം; കെ. ചന്ദ്രുവിനെ ഉപദേശകനായി നിയമിച്ച് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കിടയിലെ ജാതി, വംശീയ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള ഉപദേശകനായി റിട്ട. ജഡ്ജി കെ. ചന്ദ്രുവിനെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഏകാംഗ സമിതിയായിട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി കെ. ചന്ദ്രുവിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമിച്ചത്.

തിരുനെല്‍വേലിയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം. അടിയന്തരമായി പരിഹരിക്കേണ്ട സുപ്രധാന വിഷയമായതിനാലാണ് സമിതി രൂപീകരിച്ചതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ്, സര്‍ക്കാരിന് എന്ത് നടപടികള്‍ സ്വീകരിക്കാമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ചന്ദ്രു സമര്‍പ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘വിദ്യാര്‍ഥികള്‍ക്കിടയില്‍ ജാതി, വര്‍ഗ വ്യത്യാസങ്ങളില്ലാത്ത അന്തരീക്ഷമുണ്ടാകണം.
തിരുനെല്‍വേലിയിലെ സംഭവം വല്ലാതെ വേദനിപ്പിച്ചു. ഭാവി സമൂഹത്തിന് സാഹോദര്യത്തോടെയും പിന്തിരിപ്പന്‍ ചിന്തകളില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തമിഴ്നാട് സൃഷ്ടിക്കുകണം,’ സ്റ്റാലിന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ ഉന്നത ജാതിയില്‍പ്പെട്ടവര്‍ വെട്ടിയ നടുക്കുന്ന സംഭവമുണ്ടായത്. വിഷയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ നാല് പേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Content Highlight: MK. Stalin appointed K Chandru as an adviser Caste thinking should be curbed in educational institutions

We use cookies to give you the best possible experience. Learn more