| Wednesday, 15th March 2023, 10:48 pm

'വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെതിരെ ഒറ്റക്കെട്ടായി'; ഇസ്‌ലാമോഫോബിയ വിരുദ്ധദിന സന്ദേശവുമായി സ്റ്റാലിനും പിണറായിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലിനെതിരെ പോരാടാനും ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പതിജ്ഞാബദ്ധരാകാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐക്യരാഷ്ട്ര സഭയുടെ പ്രഥമ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തില്‍ ട്വീറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.

‘ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന്റെയും പീഡനത്തിന്റെയും നിന്ദ്യമായ പ്രവൃത്തികളാല്‍ നിറഞ്ഞതാണ് ചരിത്രം.

ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള അന്താരാഷ്ട്ര ദിനത്തില്‍, ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലിനെതിരെ ആസൂത്രിതമായി നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടാനും ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം,’ എം.കെ. സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

നേരത്ത മുഖ്യമന്ത്രി പിണറായി വിജയനും ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ സന്ദേശം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

ലോകമുസ്‌ലിങ്ങള്‍ക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വര്‍ധനവ് ഓര്‍മിപ്പിക്കുന്നതാണ് യു.എന്നിന്റെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ പ്രതിരോധ ദിനമെന്ന് പിണറായി പറഞ്ഞു.

ഇതിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ഈ സന്ദര്‍ഭമെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെ ഒറ്റക്കെട്ടായി അനുകമ്പയുടെയും സഹാനുഭൂതിയുടെയും ജ്വാല തെളിയിച്ച് പ്രകാശിപ്പിക്കണമെന്നും പിണറായി പറഞ്ഞു.

Content Highlight: MK Stalin and Pinarayi Vijayan With the message of Anti-Islamophobia Day

We use cookies to give you the best possible experience. Learn more