ചെന്നൈ: കൊവിഡ് കണക്കില്‍ കൃത്രിമത്വം കാണിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യാഥാര്‍ത്ഥ്യത്തെ നമുക്ക് നേരിട്ടേ മതിയാവൂ എന്നും സ്റ്റാലിന്‍ പറഞ്ഞു.
‘കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്ന സ്ഥിതിയുണ്ടാവരുത്. സത്യം എന്നായാലും പുറത്ത് വരും. കൊവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കരുതെന്ന് ഓഫീസര്‍മാരോട് പറഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തെ നമുക്ക് നേരിടാം,’ സ്റ്റാലിന്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റതിന് പിന്നാലെ അഞ്ച് ഉത്തരവുകളില്‍ സ്റ്റാലിന്‍ ഒപ്പ് വെച്ചിരുന്നു.
റേഷന്‍ കാര്‍ഡ് ഉള്ള കുടുംബത്തിന് 4000 രൂപ നല്‍കുന്ന പദ്ധതിയടക്കം അഞ്ച് സുപ്രധാന തീരുമാനങ്ങളിലാണ് സ്റ്റാലിന്‍ അധികാരമേറ്റയുടന്‍ ഒപ്പ് വെച്ചത്.
സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക, കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുടങ്ങിയവയാണ് ഉത്തരവുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒപ്പുവെച്ച ഉത്തരവുകള്‍.
ഡി.എം.കെ സ്ഥാപകരിലൊരാളായ സി.എന്‍ അണ്ണാദുരൈയുടെ ചിത്രം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചിട്ടുമുണ്ട് സ്റ്റാലിന്‍.
പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി, കെ. അന്‍പഴകന്‍ തുടങ്ങിയവരുടെ സ്മൃതി കുടീരങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് സ്റ്റാലിന്‍ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തിയത്.
അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യത്തെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം തമിഴ്‌നാട്ടില്‍ ഇത്തവണ അധികാരത്തിലെത്തിയത്.
ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MK Stalin about covid figiures in Tamilnadu