കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാദം തള്ളി പരാതിക്കാരന്‍. ആദ്യ പരാതിയില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്ന സുധാകരന്റെ വാദമാണ് പരാതിക്കാരനായ എം.കെ. ഷമീര്‍ തള്ളുന്നത്.
ആദ്യ പരാതിയില്‍ തന്നെ കെ. സുധാകരന്റെ പേര് പറഞ്ഞിട്ടുണ്ട്. പരാതിക്കാരെ അറിയില്ലെന്ന സുധാകരന്റെ വാദവും തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോകള്‍ ഇതിന് തെളിവാണ്. സുധാകരനൊപ്പം ഇരുന്നത് സിനിമാ നടനല്ലെന്നും പരാതിക്കാരനായ അനൂപാണെന്നും ഷമീര്‍ പറഞ്ഞു.
ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരാതിക്കാരെ പരിചയമില്ലെന്നും മുഖാമുഖം കണ്ടിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ മോന്‍സണിന്റെ വീട്ടില്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ മുഖാമുഖം പരിചയപ്പെട്ടിട്ടില്ല.
പരാതിക്കാര്‍ ഉണ്ടായിരുന്ന സമയം ഒരു സിനിമാ താരവും വീട്ടിലുണ്ടായിരുന്നു എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ ഇന്ന് വെളിപ്പെടുത്തിയത്. ‘ആദ്യത്തെ സ്റ്റേറ്റ്‌മെന്റില്‍ പരാതിക്കാര്‍ എനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് ഞാന്‍ മോന്‍സണിന്റെ വീട്ടില്‍ പോയത്.
മോണ്‍സണ് ഒപ്പം ഫോട്ടോ എടുത്തതില്‍ എന്താണ് പ്രശ്‌നം. പല വി.ഐ.പികളും മോണ്‍സണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്,’ എന്നാണ് കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം, സര്‍ക്കാര്‍ സ്വന്തക്കാരെ സംരക്ഷിക്കാനും എതിരാളികളെ കുടുക്കാനും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ‘മാധ്യമ പ്രവര്‍ത്തകരേയും രാഷ്ട്രീയ എതിരാളികളേയും നിശബ്ദരാക്കാന്‍ നീക്കം നടക്കുന്നു.
ഈ ആരോപണങ്ങളില്‍ നിന്നും അതിന്റെ പ്രശ്‌നങ്ങളില്‍ നിന്നും ഫോക്കസ് മാറ്റാന്‍ വേണ്ടി മനപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. ഇന്നലെ കെ.പി.സി.സി പ്രസിഡന്റിനെതിരെ എടുത്തത് കള്ളക്കേസാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.