| Wednesday, 3rd April 2019, 6:55 pm

നഗരത്തില്‍ ഭൂമി ഇടപാടിന് കോടികളുടെ കോഴ ആവശ്യപ്പെട്ടു; ടി.വി9ന്റെ ഒളിക്യാമറയില്‍ കുടുങ്ങി എം.കെ രാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്റ്റിംങ് ഓപറേഷനില്‍ കുടുങ്ങി കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍. ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍. ടി.വി9നാണ് ഇക്കാര്യം പുറത്തുവിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നു.

ടി.വി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടെന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.

മാര്‍ച്ച് പത്തിനാണ് സംഘം എം.പിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എം.പിയെ സമീപിച്ചത്. കമ്മീഷന്‍ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നല്‍കാമെന്നും സംഘം പറയുന്നു.

“ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്” റിപ്പോട്ടര്‍മാരില്‍ ഒരാള്‍ രാഘവനോട് പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്‌സ്, ഫ്‌ളക്‌സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്. ഇതിൽ രണ്ടു കോടി രൂപ കോൺഗ്രസ്സ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താൻ സം ഘടിപ്പിച്ചു എന്നും രാഘവൻ പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും രാഘവന്‍ സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more