| Sunday, 20th November 2022, 9:19 pm

സംഘപരിവാറിനെതിരായ പരിപാടിയില്ലായെന്ന് പറഞ്ഞവരോട് കൈകൂപ്പുന്നുവെന്ന് രാഘവന്‍; തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഭയമില്ലെന്ന് റിജില്‍; കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി. കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികളും എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു.

ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘാടകരായി പരിപാടി നടത്തുകയായിരുന്നു.

ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത് അന്വേഷിക്കാന്‍ കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് എം.കെ. രാഘവന്‍ എം.പി പരിപാടിയില്‍ സംസാരിച്ചത്.

പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരാതി കൊടുക്കുമെന്നും രാഘവന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം സംബന്ധിച്ച് തന്റെ പക്കലുള്ള എല്ലാ വിവരങ്ങളും കമ്മീഷന് കൈമാറാന്‍ തയാറാണ്. കമ്മീഷനെ നിയോഗിക്കുന്നില്ലെങ്കില്‍ ഈ വിഷയം പാര്‍ട്ടി വേദികള്‍ അക്കമിട്ട് പറയേണ്ടി വരുമെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.

‘സംഘപരിവാറും മതേതരവും നേരിടുന്ന വെല്ലുവിളികള്‍ ഈ കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട വിഷയമാണ്. രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ പോയി സവര്‍ക്കറിനെക്കുറിച്ച് കൃത്യമായി പറഞ്ഞത് ആലോചിക്കണം. അങ്ങനെയുള്ള വിഷയം സംസാരിക്കേണ്ട വേദി ഇല്ലായെന്ന് സംഘാടകര്‍ പറഞ്ഞുവെങ്കില്‍ ഞാന്‍ രണ്ട് കയ്യും കൂപ്പി അവര്‍ക്ക് മുന്നില്‍ നമസ്‌കരിക്കുകയാണ്. ഇത് ആവര്‍ത്തിക്കരുത് എന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയാണ്.

പരിപാടി ഒഴിവാക്കി എന്നത് ആരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ എന്റെ കയ്യിലുള്ള തെളിവുകള്‍ ഞാന്‍ തീര്‍ച്ചയായും നല്‍കും. അന്വേഷണ കമ്മീഷനെ വെക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ അക്കമിട്ട് ഞാന്‍ വിഷയം ഉന്നയിക്കും.

ഒരു കാര്യം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്, കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. തരൂരിനെ പോലെ ഒരാളുടെ പരിപാടിക്ക് വേണ്ടി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ആര്‍ക്കും അടുക്കാന്‍ കഴിയാത്ത ഭാഷയുള്ള മനുഷ്യനാണ് തരൂര്‍.

അദ്ദേഹത്തിന്റെ പരിപാടിക്ക് വേണ്ടി യൂറോപ്പിലൊക്കെ മാസങ്ങളോളം പലരും കാത്തിരിക്കുന്നത് എനിക്കറിയാം. ഭൂമിക്ക് മീതെയും ആകാശത്തിന് താഴെയുമുള്ള ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് സംസാരിക്കാനറിയാം. ഗംഗ നദിയില്‍ വെള്ളം ഒഴുകുന്നത് പോലെയാണ് അദ്ദേഹത്തിന്റെ പ്രസംഗം.

അങ്ങനെയുള്ള തരൂരിന്റെ ഒരു പരിപാടി ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ ഏറെ ദുഃഖിച്ചയാളാണ് ഞാന്‍. അങ്ങനെയാണ് ഞാന്‍ ജവഹര്‍ യൂത്ത് ഫൗണ്ടേഷനെ സമീപിക്കുന്നത്. ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ ഒരു കടലാസ് സംഘടനയല്ലെന്ന ബോധ്യം എനിക്കുണ്ട്,’ എം.കെ. രാഘവന്‍ പറഞ്ഞു.

കോഴിക്കോട് ഡി.സി.സി. പ്രസിഡന്റിനെതിരേയും രാഘവന്‍ പരോക്ഷവിമര്‍ശനം ഉന്നയിച്ചു. ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട ഡി.സി.സി. നേതാക്കാളോട് ആലോചിച്ചാണ് പരിപാടി തീരുമാനിച്ചത്. കെ. സുധാകരനും കെ. മുരളീധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്നും രാഘവന്‍ പറഞ്ഞു.

ഇത്തരം പരിപാടി മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്നായിരുന്നു വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം. അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. സ്ഥലം എം.പി. എന്ന നിലയില്‍ രാഘവന് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

കണ്ണൂരില്‍ തങ്ങള്‍ ശശി തരൂരിന് സ്വീകരണം നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമെന്ന ഭയമില്ല. സംഘപരിവാറിനെതിരായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് ഉത്തരവാദിത്തമാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

CONTENT HIGHLIGHT:  MK Raghavan says that he joins hands with those who said that there is no program against Sangh Parivar; KP Held at Keshav Menon Hall

We use cookies to give you the best possible experience. Learn more