കോഴിക്കോട്: പണമിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സി.പി.ഐ.എം പരാതി നല്‍കിയ വിഷയത്തില്‍ പ്രതികരിക്കാതെ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ എം.കെ രാഘവന്‍.
തനിക്കൊന്നും പറയാനില്ലെന്നും ഇതില്‍ നിന്നൊന്ന് ഒഴിവാക്കിത്തരണമെന്നുമായിരുന്നു രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ കാണാന്‍ ആര്‍ക്കും വരാം.
ആരും എപ്പോഴും കയറി വരാറുളള ഓഫീസാണ് തന്റേതെന്നും രാഘവന്‍ പറയുന്നു.
എം. കെ രാഘവനെതിരെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ ്‌കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന് മുന്‍പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു