| Thursday, 16th April 2020, 4:58 pm

'മാസ്‌ക് വെച്ചാല്‍ മിണ്ടരുതെന്നാണ് പിണറായി ധരിച്ചുവെച്ചിരിക്കുന്നത്, ഏകഛത്രാധിപതിയെന്ന് ധാരണ'; കെ.എം ഷാജിയെ പിന്തുണച്ച് മുനീറും കുഞ്ഞാലിക്കുട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണം ഉന്നയിച്ച കെ.എം ഷാജിയെ പിന്തുണച്ച് എം.കെ മുനീറും പി.കെ കുഞ്ഞാലിക്കുട്ടിയും. മാസ്‌ക് വെച്ചാല്‍ മിണ്ടരുതെന്നാണ് പിണറായി ധരിച്ചുവെച്ചിരിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്നും താന്‍ ഏകഛത്രാധിപതിയാണെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെന്നും എം.കെ മുനീര്‍ ആരോപിച്ചു.

കെ.എം ഷാജിയുടെ വിമര്‍ശനത്തോട് മുഖ്യമന്ത്രിക്ക് പ്രകോപനം ഉണ്ടാകേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.എം ഷാജി രംഗതെത്തിയിരുന്നു. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സി.പി.ഐ.എം നേതാക്കളെ സഹായിക്കാനായി ചിലവഴിച്ചെന്നും കെ.എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഷാജി രംഗത്തെത്തിയത്.

‘കൊടുത്താല്‍ മാത്രം മതി ചോദിക്കരുത് എന്ന് പറയാന്‍ ഇത് നേര്‍ച്ച പൈസയല്ല. ദുരിതാശ്വാസ നിധിയാണ്. പണം കൊടുത്തു എന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പിന്നെ എന്താണ് അത് ചോദിക്കുന്നതില്‍ തെറ്റ്. അതില്‍ മുഖ്യമന്ത്രി മറുപടി പറയണം.

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അങ്ങനെയൊക്കെ പണം കൊടുക്കാന്‍ പാടുണ്ടോ എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്തിട്ടാണ് ഒരു സി.പി.ഐ.എം എം.എല്‍.എയ്ക്കും ഒരു ഇടതുപക്ഷ നേതാവിനും 25 ഉം 35 ഉം ലക്ഷം വീതം കൊടുത്തത്. അവരുടെ ബാങ്കിലെ കടം തീര്‍ക്കാനാണ് ഈ തുക കൊടുത്തത്. പൊതുജനത്തിന്റെ പണം എടുത്ത് ഇങ്ങനെ കൊടുക്കുന്നത് മാന്യമായ ഇടപാടല്ല.

1000 കോടി രൂപയോളം ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നത്. ഞാനും മുനീര്‍ സാഹിബും അടക്കമുള്ള പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ക്ക് ഏഴ് ശതമാനമാണ് അതില്‍ നിന്ന് പണം തന്നത്. ബാക്കി മുഴുവന്‍ ഇടതുപക്ഷത്തിനും ഈ പ്രളയവുമായി ബന്ധമില്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി 1000 കോടി രൂപയോളം ചിലവഴിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് മുഖ്യമന്ത്രി അങ്ങനെ തുക ചിലവഴിക്കാമോ എന്നും കെ.എം ഷാജി ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more