കോഴിക്കോട്: പ്രൈഡ് മാസത്തിന് ഐക്യപ്പെട്ട് ക്വീര്‍ കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഒന്നര മണിക്കൂറിന് ശേഷം പിന്‍വലിച്ച് മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എം.എല്‍.എയുമായ എം.കെ മുനീര്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇതേ പോസ്റ്റ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു.
നിങ്ങള്‍ ആരാണോ അതില്‍ അഭിമാനിക്കുക, പ്രൈഡ് മാസം ആശംസിക്കുന്നു എന്ന അടിക്കുറിപ്പില്‍ ‘ലവ് വിത്ത് പ്രൈഡ്’ എന്ന പോസ്റ്ററാണ് എം.കെ മുനീര്‍ ഷെയര്‍ ചെയ്തത്. മുനീറിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.
മുസ്‌ലിം ലീഗ് നേതാവായിട്ട് കൂടി ഈ പോസ്റ്റ് ഇടാന്‍ ചില്ലറ ധൈര്യം പോര എന്നാണ് ഒരു കമന്റ്.
എന്നാല്‍ മുനീറിന്റെ പോസ്റ്റിന് വിമര്‍ശനവുമായി മുജാഹിത് വിഭാഗം നേതാവ് മുസ്തഫ തന്‍വീര്‍ രംഗത്തെത്തി. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്നുള്ള ഇസ്‌ലാമിക അധ്യാപനത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് മുസ്തഫ തന്‍വീര്‍ മുനീറിനോട് ചോദിച്ചു.
അതേസമയം, മുനീറിനെ പിന്തുണച്ച് ക്വീര്‍ ആക്ടിവിസ്റ്റ് ഉനൈസ് രംഗത്തെത്തി. ലീഗിലേയും മറ്റു മുസ്‌ലിം സംഘടനകളുടെയും സമ്മര്‍ദ്ദങ്ങളുടെ പേരില്‍ മുനീര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും മുനീറിനെ ഇതിന്റെ പേരില്‍ അവഹേളിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഉനൈസ് പറഞ്ഞു.
‘കേരളത്തിലെ 140 എം.എല്‍.എമാരില്‍ പ്രൈഡ് മാസത്തിനോട് ഐക്യപ്പെട്ട് പോസ്റ്റ് ഇട്ടത് മുസ്‌ലിം ലീഗ് എം.എല്‍.എയായ എം.കെ മുനീര്‍ മാത്രമാണ് എന്നോര്‍ക്കണം. കോണ്‍ഗ്രസില്‍ നിന്ന് വി.ടി ബല്‍റാം പരസ്യമായി സോഷ്യല്‍ മീഡിയയില്‍ മുന്‍പ് ഇതുപോലെ ഐക്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ ഐക്യപ്പെടല്‍ നമുക്ക് മുമ്പ് ജീവിച്ചിരുന്ന ക്വീര്‍ ആളുകളുടെയും നമ്മുടെയും ഒക്കെ കഷ്ടപ്പാടിന്റെ ഫലം ആണെന്നതില്‍ നമുക്ക് സന്തോഷിക്കാം, അഭിമാനിക്കാം. സി.പി.ഐ.എം എം.എല്‍.എമാര്‍ ആരും തന്നെ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ പ്രൈഡ് മാസത്തിനോട് ഐക്യപ്പെട്ടിട്ടില്ല എന്നത് ഓര്‍ക്കണം,’ ഉനൈസ് പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ട്രാന്‍സ് പോളിസി നടപ്പാക്കിയത് എം.കെ മുനീര്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണെന്നും ഉനൈസ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മാസമാണ് LGBTQIA+ പ്രസ്ഥാനം പ്രൈഡ് മാസമായി ആചരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: MK Muneer withdraws Facebook post united with Queer community