തിരുവനന്തപുരം: സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ച് ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപോയി.
വ്യവസായികള്‍ അടക്കമുള്ളവര്‍ക്ക് പിന്നിലായിട്ടാണ് തനിക്ക് സീറ്റ് നല്‍കിയതെന്നും ഇത് അവഗണനയാണെന്നും ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്.
നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30നാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനം. 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും.
ഇന്നും നാളെയുമായാണ് നിയമസഭ മന്ദിരത്തില്‍ ലോക കേരള സഭ സമ്മേളിക്കുന്നത്. ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.
മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ് കേരളാ ലോകസഭയെന്ന് കഴിഞ്ഞദിവസം പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. “പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ശക്തമായി അഭിസംബോധന ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ” എന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.
ഇറങ്ങിപ്പോയ മുനീര്‍ പിന്നീട് തിരിച്ചെത്തി.