| Monday, 14th March 2022, 3:36 pm

ജനങ്ങളുടെ നെഞ്ചത്ത് കൂടി കെ റെയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്: എം.കെ മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നെഞ്ചത്ത് കൂടി കെ റെയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നാണ് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞത്.

സര്‍ക്കാര്‍ അനുകൂലികളായ സാധാരണക്കാരെ തന്നെ മര്‍ദിക്കാനുള്ള ജനവിധിയാണോ നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഏത് ജാതി മത സാമുദായിക ശക്തികളും ഇവന്റ് മോനേജ്മെന്റും ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ട് പോകുമെന്നും എ.എന്‍. ഷംസീര്‍ എം.എല്‍.എ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.കെ. മുനീറിന്റെ പ്രസ്താവന.

കെ റെയില്‍ ചര്‍ച്ചയാണോ ബജറ്റ് ചര്‍ച്ചയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കന്മാരുടെ മക്കളും പേരക്കുട്ടികളും പദ്ധതിയെ എതിര്‍ത്ത് സംസ്ഥാന സെക്രട്ടറിയെ കാണാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സി.പി.ഐ.എം പ്രതിനിധിയായ സുപാലിന് കെ റെയിലിനെ അനുകൂലിച്ച് സംസാരിക്കാന്‍ സാധിക്കുകയില്ല.

അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി അനുമതി നല്‍കിയപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ ഇവിടെയുണ്ടായി എന്നത് കാവ്യനീതിയാണ്. എല്ലാം വളഞ്ഞ് തിരിഞ്ഞ് ഇങ്ങനെ തന്നെ വരും. താനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ താനാളൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ ഷെബ്നാ ആഷിഖിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ മാക്‌സി പുരുഷ പൊലീസുകാര്‍ വലിച്ചു കീറി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സല്‍മ്മത്തിനെയും ജില്ലാ പ്രസിഡന്റ് ഷാഫിയേയും മര്‍ദിച്ചു.

മുന്‍ നോട്ടീസില്ലാതെ കല്ലിടാന്‍ വന്നപ്പോള്‍ തടഞ്ഞതിനായിരുന്നു മര്‍ദനം. ചെങ്ങന്നൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതിന് ശേഷവും ഉദ്യോഗസ്ഥര്‍ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു തിരിച്ചുപോയി എന്നറിഞ്ഞു.

ഷംസീര്‍ പറഞ്ഞതുപോലെ നിങ്ങളുടെ തന്നെ ആളുകളെ മര്‍ദിക്കാനാണോ മാന്‍ഡേറ്റ് തന്നിട്ടുള്ളത്. പലസ്ഥലത്തും നിങ്ങളുടെ പൊലീസ് അടിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ തന്നെ പ്രവര്‍ത്തകരേയാണ്. സി.പി.ഐ.എം പ്രവര്‍ത്തകരെയാണ്. അവരൊക്കെ നിങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ നെഞ്ചത്തുകൂടെ പദ്ധതി നടപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഇനിയും അടിക്കുമെന്ന് പറയാന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല. നിങ്ങള്‍ അടിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന ഒരു സമൂഹമല്ല ഇവിടെയുള്ളത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യമായത് കൊണ്ട് ഡി.പി.ആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് ആര്‍.ടി.ഐ ഓഫീസര്‍ പറഞ്ഞത്. എന്നാല്‍, അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോള്‍ ഡി.പി.ആര്‍ പുറത്ത് വന്നു. ഡി.പി.ആര്‍ പുറത്ത് വരുന്നതിന് മുമ്പ് സാമൂഹികാഘാത പഠനം തുടങ്ങി. മഞ്ഞ കല്ലിടാന്‍ തുടങ്ങി. വെള്ളപ്പൊക്കമുണ്ടാവുമെന്ന് ഡി.പി.ആര്‍ പറയുന്നു. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുമെന്ന് പറയുന്നു.

പദ്ധതിക്ക് ആവശ്യമായ കല്ലും മണലും കേരളത്തില്‍ നിന്നും ലഭിക്കില്ലെന്നും ഡി.പി.ആറില്‍ ഉണ്ട്. അതിനാല്‍ ഇവ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ പോവുകയാണ്. വെള്ളം മുഴുവന്‍ മലിനമാകും. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാവില്ലെന്ന് പറയുന്നു. സാമ്പത്തികമായി ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണിത്. കെ റെയില്‍ അല്ല പ്രധാനം, കേരളമാണ്. കെ റെയില്‍ വേണമോ, കേരളം വേണമോ എന്ന് മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം. കേരളം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.


Content Highlights: MK Muneer speaks in K Rail Project issue

Latest Stories

We use cookies to give you the best possible experience. Learn more