തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിന്റെ പേരില്‍ ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലീം ലീഗ് നേതാവ് എം.കെ മുനീര്‍.
കെ.എം ബഷീര്‍ മുഷ്യശൃംഖലയില്‍ പങ്കെടുത്ത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ഇതിനെ ന്യായീകരിക്കുകയും ഇത് ആവര്‍ത്തിക്കുമെന്ന് പറഞ്ഞതായി മുനീര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി എടുത്തത്. ഒന്നിച്ചുള്ള പ്രതിഷേധങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചത് പിണറായി വിജയന്‍ ആണെന്നും എം.കെ മുനീര്‍ ആരോപിച്ചു.
യു.ഡി.എഫിന്റെ പരിപാടികള്‍ക്ക് എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കാറില്ലെന്നും തമ്പുരാക്കന്‍മാരെ പോലെ എല്‍.ഡി.എഫ് പരിപാടി നടത്തുകയും അടിയാളന്‍മാരെ പോലെ ഞങ്ങള്‍ അതില്‍ പങ്കെടുക്കണെന്നാണ് പറയുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.
‘അദ്ദേഹം ഇതിനെ ന്യായീകരിക്കുകയും വീണ്ടും ആവര്‍ത്തിക്കുമെന്നും പറഞ്ഞ് പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ സംസാരിച്ചതു കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അവര്‍ മാത്രം തമ്പുരാക്കന്‍മാരും ഞങ്ങള്‍ അടിയാളരും പോലെ അവര്‍ വിളിക്കുന്ന പരിപാടിയില്‍ ഞങ്ങള്‍ പോയി നില്‍ക്കണം എന്നാണ് പറയുന്നത്. ഞങ്ങള്‍ വിളിക്കുന്ന പരിപാടിയില്‍ അവരും വന്ന് നില്‍ക്കണം. ഞങ്ങള്‍ നടത്തിയ ഉപവാസ സമരത്തിന് മൂന്ന് എം.എല്‍.എമാരെ വിളിച്ചു എന്നാല്‍ അവര്‍ പറഞ്ഞത് വരാന്‍ പറ്റില്ല എന്നു തന്നെയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കേണ്ടേ, ‘ എം.കെ മുനീര്‍ ചോദിച്ചു
ഒന്നിച്ചുള്ള സമരം എ.കെ.ജി സെന്ററില്‍ വെച്ചാണോ തീരുമാനിക്കേണ്ടത്? ഞങ്ങളെയും കൂട്ടി വിളിച്ചിരുത്തി തീരുമാനിക്കേണ്ടേ?
അങ്ങനെയങ്കില്‍ ഞങ്ങളെല്ലാവരും വന്നേനെ. ആദ്യം ഒന്നിച്ചുള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചത് പിണറായി വിജയനാണ്. മാര്‍കിസ്റ്റ് പാര്‍ട്ടി അവിടെ നിന്ന് ഒരു തിട്ടൂരം തരുന്നു. ഞങ്ങളിതാ മനുഷ്യ ചങ്ങലയ്ക്ക് പോവുന്നു, സൗകര്യമുണ്ടെങ്കില്‍ വന്നോളൂ എന്ന് പറയുന്ന സമരങ്ങളൊന്നും സദുദ്ദേശ പരമല്ല. ഇത് രാഷ്ട്രീയമാണ്,’ എംകെ. മുനീര്‍ തിരുവനന്തപുരത്ത് വെച്ച് പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിന്റെ പേരിലാണ് കെ.എം ബഷീറിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്യുന്നത്.
അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു എന്ന ആരോപണവുമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് ഒരിക്കലും തെറ്റല്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും കെ.എം ബഷീര്‍ പ്രതികരിച്ചു.
ഒപ്പം സി.പി.ഐ.എം ഇനിയും ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചാല്‍ താനിനിയും പങ്കെടുക്കുമെന്നും കെ.എം ബഷീര്‍ പറഞ്ഞു.
‘പരിപാടിയില്‍ പങ്കെടുത്തത് തെറ്റായി എന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടി വരും.’ കെ.എം ബഷീര്‍ പറഞ്ഞു.
ഒപ്പം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ കെ.എം ബഷീര്‍ അഭിനന്ദിക്കുകയും ചെയ്തു.
“അഞ്ചു വര്‍ഷത്തേക്ക് ജനങ്ങളെ സംരക്ഷിക്കാനായി അധികാരത്തിലേറിയ ഭരണാധികാരി ആ രാജ്യത്തെ സാധാരണക്കാന്റെയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക അകറ്റാന്‍ വേണ്ടി ശ്രമിച്ചാല്‍ അത് ധീരമായ കാര്യമാണ്. അതുകൊണ്ടാണ് അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകാ പരമായ തീരുമാനമായി മാറിയത്,” കെ.എം ബഷീര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ധീരതയെയും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തെയും അംഗീകരിക്കുന്നു, എന്നു കരുതി എല്‍.ഡി.എഫിന്റെ എല്ലാ പ്രവൃത്തികള്‍ക്കും പിന്തുണ നല്‍കുന്ന ഒരു വ്യക്തിയല്ല താന്‍ എന്നും കെ.എം ബഷീര്‍ കൂട്ടിച്ചേര്‍ത്തു.