തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളോട് സര്‍ക്കാരും ആരോഗ്യമന്ത്രിയും സംയമനത്തോട് മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കൊവിഡ് 19 സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കസേരയേതാ… എത്രയെത്ര മഹാന്‍മാരായ പ്രതിപക്ഷ നേതാക്കളിരുന്ന കസേരയാണിത്. ആ കസേരയ്ക്ക് ഒരു ചെറിയ ബഹുമാനം കൊടുക്കണ്ടേ. അദ്ദേഹത്തിന്റെ സംശയം സോഷ്യല്‍മീഡിയയിലിട്ടതിന്റെ പേരില്‍ എന്തൊക്കെയാണ് പറഞ്ഞത്.’, മുനീര്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെന്ന് മുനീര്‍ പറഞ്ഞു. ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്നും ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കരുതെന്നും എം.കെ മുനീര്‍ പറഞ്ഞു.
എയര്‍പോര്‍ട്ടില്‍ വന്ന ആദ്യത്തെ ഇറ്റലി സംഘത്തെ പറ്റി മന്ത്രി പറഞ്ഞത്, കേന്ദ്രസര്‍ക്കാരില്‍ നിന്നും വിവരം ലഭിച്ചത് മാര്‍ച്ച് ഒന്നിനാണെന്നും അതുകൊണ്ട് ഇറ്റലിയില്‍ നിന്നും വന്ന സംഘത്തെ നോക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ വന്നത് ഫെബ്രുവരി 29 ന് ആണെന്നുമാണ്.
എന്നാല്‍ 26-6-20 ല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നു. കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യാനുമുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. പിന്നെ എന്തിനാണ് ഒന്നാം തിയതി ലഭിച്ചു എന്ന് പറഞ്ഞത്. അത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമുക്ക് ഇത് തടയാമായിരുന്നു. മാത്രമല്ല ഇറ്റലിയില്‍ നിന്ന് വന്നവര്‍ സൂത്രത്തില്‍ ചാടിപ്പോയെന്ന് പറഞ്ഞു. മാഡം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് സോഷ്യല്‍ ഇഷ്യൂസ് ഉണ്ടാവുമെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. അതില്‍ ഒന്ന് സീനോഫോബിയയും മറ്റൊന്ന് റാസിസവുമാണ്. ഇറ്റലിയില്‍ നിന്ന് വന്ന നമ്മുടെ നാട്ടുകാരെ നമ്മള്‍ തന്നെ അവര്‍ സൂത്രക്കാരാണെന്ന് പറഞ്ഞ് അവര്‍ക്കെതിരെ സീനോഫോബിയ കാണിക്കേണ്ട സമയമല്ല ഇത്.
നമ്മളെപ്പോലെ എല്ലാം അറിയുന്നവരല്ല ഈ വരുന്ന രോഗികള്‍ മുഴുവന്‍. അവിടെ വന്നപ്പോള്‍ ഇമിഗ്രേഷനില്‍ ഒരു കാര്യം ചെയ്താല്‍ മതിയായിരുന്നു. യാത്ര തുടങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. ഇറ്റലിയില്‍ നിന്നാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇവരെ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ചെയ്യാമായിരുന്നു. പോകുന്നവഴിക്ക് ഇറങ്ങാന്‍ സമ്മതിക്കാതിരിക്കാമായിരുന്നു.
നമുക്ക് പാളിച്ച പറ്റിയെങ്കില്‍ തെറ്റ് സംഭവിച്ചുവെന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം. ഇന്നലെ തിരുവന്തപുരത്ത് വന്ന ആള്‍ ഇറ്റലിയില്‍ നിന്നു വന്നു എന്ന് പറഞ്ഞു. അദ്ദേഹത്തിന് ലക്ഷണം കാണാത്തതുകൊണ്ട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജ് ചെയ്തു.
പിന്നെ അദ്ദേഹത്തിന് തന്നെ സംശയം തോന്നി മെഡിക്കല്‍ കോളേജില്‍ പോയി. പരിശോധനാ ഫലം വന്നപ്പോള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഇതാണ് അവസ്ഥ. താഴെ തട്ടിലുള്ള ഡോക്ടര്‍മാരെ വെച്ചല്ല ഇനി കാര്യങ്ങള്‍ നടത്തേണ്ടത്. വിദഗ്ധരുടെ കമ്മിറ്റി സംഘടിപ്പിക്കണം”,അദ്ദേഹം പറഞ്ഞു.
350 ആളെയും കൊണ്ട് ഇറ്റലിയില്‍ നിന്ന് കപ്പല്‍ വന്നു. ബസ്സില്‍ നിന്നും ട്രെയിനില്‍ നിന്നും വരുന്നവരുണ്ട്. ഇവരെയൊക്കെ ആരാണ് നോക്കുന്നത്. എല്ലാത്തിനും അതീതമാണെന്നും എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നതും ശരിയല്ല”, മുനീര്‍ പറഞ്ഞു.