| Thursday, 25th August 2022, 2:18 pm

സ്വവര്‍ഗരതിയെ അനുകൂലിക്കുന്നയാളായി ചിത്രീകരിച്ചു; എന്റെ സ്വത്വത്തെയും അഭിമാന ബോധത്തെയും അത് ബാധിച്ചു: എം.കെ. മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാതിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ.

സ്വവര്‍ഗരതിയെ അനുകൂലിക്കുന്നയാളായും, പോക്‌സോ കേസുകള്‍ വേണ്ടെന്ന് പറയുന്ന ആളായും തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചുവെന്നും, അത് തന്റെ സ്വത്വത്തെയും അഭിമാന ബോധത്തെയും സാരമായി ബാധിച്ചുവെന്നും എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഹോമോ സെക്ഷ്വല്‍ ആണെന്ന തരത്തിലുള്ള ട്രോളുകള്‍ വരുന്നുണ്ടെന്നും, അങ്ങനെ അല്ലെന്ന് തനിക്ക് വീടുകള്‍ കയറി പറയാന്‍ കഴിയുമോ എന്നും എം.കെ. മുനീര്‍ ചോദിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്തയാളാണ് ഞാന്‍. ആ സമയം പോക്സോ കേസുകള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ലോകത്ത് നടക്കുന്ന മുന്നേറ്റങ്ങളെ കുറിച്ച് ചിന്തിക്കണം എന്നാണ് ഞാന്‍ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചത്.

ലോകത്ത് പലയിടത്തും സ്വവര്‍ഗരതി അംഗീകരിക്കപ്പെട്ടു. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയില്‍ അംഗീകരിക്കപ്പെടും. ഇതോടെ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കും. കുടുംബ സങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാവും. ഇത് തന്റെ അഭിപ്രായമല്ല ലോകത്തെ പൊതു സ്ഥിതി അങ്ങനെയെന്നാണ് താന്‍ പറഞ്ഞതെന്നും മുനീര്‍ പറഞ്ഞു.

ഇവിടെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ട് വന്നത് ഞാനാണ്, എല്‍.ജി.ബി.ടി.ക്യു.വിന് ഞാന്‍ എതിരല്ല. അവര്‍ക്ക് വേണ്ടി ഇത്രയും ചെയ്തതിന് സര്‍ക്കാരിനോട് നന്ദിയുണ്ട്.

പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യമാണ്. ലിംഗസമത്വം എന്ന ഒരു വാക്ക് മാറ്റിയത് കൊണ്ട് മാത്രം യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാവണമെന്നില്ല. പുരോഗതിക്ക് ഞാന്‍ എതിരല്ല, എന്നാല്‍ അരാജകത്വത്തിലേക്ക് പോകുമ്പോള്‍ അഭിപ്രായങ്ങള്‍ പറയും. അത് മുസ്‌ലിം ആയതുകൊണ്ടല്ല, ധാര്‍മികതയുടെ വശത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നതെന്നും എം.കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

കെ.എ.ടി.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്റെ പ്രസംഗമാണ് മാധ്യമങ്ങള്‍ വിവാദമാക്കിയത്.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയില്‍ എന്തിനാണ് കേസ് എടുക്കുന്നത്. ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാല്‍ കേസ് എടുക്കുന്നത് എന്തിനാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്‌ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നുമാണ് മുനീര്‍ പ്രസംഗിച്ചത്.

Content Highlight: MK Muneer MLA says Media branded him as Homosexual

We use cookies to give you the best possible experience. Learn more