| Wednesday, 8th December 2021, 11:44 pm

മുസ്‌ലിം സമുദായത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ കെ.ടി. ജലീലും സി.പി.ഐ.എമ്മും ശ്രമിക്കുന്നു: എം.കെ. മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ ഐക്യം തകര്‍ക്കാര്‍ സി.പി.ഐ.എമ്മും കെ.ടി. ജലീല്‍ എം.എല്‍.എയും ശ്രമിക്കുന്നുവെന്ന് എം.കെ. മുനീര്‍ എം.എല്‍.എ.

സുന്നി-മുജാഹിദ് വാക് പോര് സൃഷ്ടിക്കാനുള്ള ജലീലിന്റെ പ്രസ്താവന പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. മുസ്‌ലിങ്ങള്‍ക്കിടയിലെ ഐക്യമാണ് സി.പി.ഐഎമ്മിനുള്ള തടസം. അതില്ലാതാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ ആ ശ്രമം വിജയിക്കില്ലെന്നും വ്യാമോഹം മാത്രമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിനകത്ത് പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങള്‍ കേവലമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടു വരാനുള്ള സി.പി.ഐ.എം ശ്രമം നിന്ദ്യവും ക്രൂരവുമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. സമുദായത്തിലുണ്ടായി വന്ന ഐക്യത്തെ പൊളിക്കുന്ന തരത്തിലാണ് കെ.ടി. ജലീലിന്റെ പ്രസ്താവനയെന്ന് മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ലീഗ് നിലപാടിനെതിരെ കെ.ടി. ജലീല്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് എം.കെ. മുനീറിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തില്‍ കെ.ടി. ജലീല്‍ പ്രതികരിച്ചിരുന്നത്. മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.

എം.കെ. മുനീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുസ്‌ലിം സമുദായത്തിനകത്ത് പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങള്‍ കേവലമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരാനുള്ള സി.പി.ഐ.എം ശ്രമം നിന്ദ്യവും ക്രൂരവുമാണ്.

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു സമുദായത്തില്‍ അടുത്ത കാലത്തായി ആശയ ധാരകള്‍ക്ക് അതീതമായ ഒരു ഐക്യം പൊതു വിഷയങ്ങളില്‍ കാണാറുണ്ട്. കാലുഷ്യത്തിന്റെയും പരസ്പര പോരിന്റെയും അതി വിദൂരമല്ലാത്ത ഒരു കഴിഞ്ഞ കാലം പുറകിലേക്ക് മനപ്പൂര്‍വ്വം തള്ളി നീക്കി സമുദായം മുന്നോട്ട് പോവുകയും കഴിയും വിധത്തിലെല്ലാം പൊതു വിഷയങ്ങളില്‍ സഹകരിച്ചു പോരുകയുമായിരുന്നു.
അതിനെ പൊളിക്കുന്ന തരത്തില്‍ സുന്നി – മുജാഹിദ് – വാക് പോരുകള്‍ ഉണ്ടാക്കാനുള്ള കെ.ടി. ജലീലിന്റെ പ്രസ്താവന ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല.

സമുദായ സംഘടനകളെ തമ്മിലടിപ്പിച്ചു കൊണ്ട് മുസ്ലിം ഐക്യത്തെ തകര്‍ക്കാമെന്നത് ജലീലിന്റെയും സി.പിഐ.എമ്മിന്റെയും വ്യാമോഹം മാത്രമാണ്. അത് തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയുമുള്ള നേതൃത്വം മുസ്‌ലിം സമൂഹത്തിനുണ്ട്!

അടര്‍ത്തി എടുത്തും തമ്മില്‍ അടിപ്പിച്ചും പരസ്പരം അകറ്റിയാല്‍ ഇനിയൊരിക്കലും ഐക്യപ്പെടാന്‍ കഴിയാത്ത വിധം സ്പര്‍ദ്ധ ഉണ്ടക്കുകയും അതുവഴി സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നിന്ന് ശബ്ദിക്കാനുള്ള ഒരുമയുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യുക എന്ന കുബുദ്ധിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.ബംഗാളിലെയും ത്രിപുരയിലെയും മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥയിലേക്ക് കേരളത്തിലെ മുസ്‌ലിങ്ങളെ തള്ളി വിടാന്‍ സാധിക്കാതെ പോയത് അവരിവിടെ ഐക്യത്തോടെ നിന്നത് കൊണ്ടാണ്.

മുസ്‌ലിം സമുദായത്തിന്റെ ജനാധിപത്യ സംഘടിത ശക്തി തന്നെയായിരുന്നു സി.പി.ഐ.എം അജണ്ടയുടെ പ്രതിബന്ധം. പക്ഷെ ഈ കുതന്ത്രം വിജയിക്കാന്‍ പോവുന്നില്ല എന്ന് അവര്‍ക്ക് വൈകാതെ മനസ്സിലാവും.!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  MK Muneer MLA says  CPIM and KT Jaleel are  trying to destroying the unity of the Muslim community

We use cookies to give you the best possible experience. Learn more