കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി എം.കെ. മുനീര്‍ എം.എല്‍.എ. സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കേണ്ടത് ലീഗ് ആണെന്നും അതുകൊണ്ട് പരസ്പര സഹകരണം വേണമെന്നും എം.കെ. മുനീര്‍ പറഞ്ഞു.
സമസ്ത അവരുടേതായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ വ്യക്തമാക്കി.
അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവവിശ്വാസികളെ മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മള്‍ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാല്‍, ചിലപ്പോഴവിടെ പാര്‍ട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കേണ്ടി വരും. അവര്‍ക്ക് ആ പാര്‍ട്ടിയിലേ നില്‍ക്കാന്‍ കഴിയൂ.
അത് പോലെ ചില പ്രദേശങ്ങളില്‍, വിദ്വേഷത്തിന്റെ പേരില്‍, ഇപ്പോള്‍ മുസ്‌ലിം ലീഗുകാരനാണെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാള്‍ പോകുന്നത് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതില്‍ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകള്‍ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല” അബ്ദു സമദ് പറഞ്ഞത്.
നേരത്തെ കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന പ്രമേയം ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഫോട്ടോ ചേര്‍ത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തങ്ങള്‍ പറഞ്ഞിരുന്നു.
സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്‌ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം.
അതേസമയം, രാഷ്ട്രീയ സംഘടനകളില്‍ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അവര്‍ സുന്നികളായത് കൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാരുകളെ എതിര്‍ത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും തങ്ങള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: MK Muneer MLA rejects Abdu Samad Pookottur’s statement