| Friday, 10th December 2021, 7:09 pm

ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം കൊണ്ടുവന്ന മുനീറിനെ വേദിയിലിരുത്തി അബ്ദുറഹ്‌മാന്‍ പ്രസംഗിച്ചു 'സ്വവര്‍ഗരതി ലൈംഗിക അരാജകത്വമുണ്ടാക്കും'

ജിതിന്‍ ടി പി

കോഴിക്കോട് കടപ്പുറം, ഡിസംബര്‍ 9. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ വേദി.

മുസ്‌ലിം ലീഗിന്റേയും അനുബന്ധ സംഘടനകളുടേയും നേതാക്കള്‍ ഓരോരുത്തരായി വന്ന് പ്രസംഗിക്കുന്നു. കെ.എം. ഷാജിയുടെ പ്രസംഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി പ്രസംഗിക്കുന്നു.

വഖഫ് ബോര്‍ഡ് നിയമനത്തെക്കുറിച്ചും ലീഗിനെക്കുറിച്ചും പറഞ്ഞ് തുടങ്ങിയ അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പ്രസംഗം പിന്നീട് എത്തുന്നത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി രൂപീകരിച്ച സാമൂഹ്യനീതി വകുപ്പ് മുന്‍മന്ത്രി എം.കെ. മുനീറിന്റെ മുന്നില്‍ വെച്ച് സ്വവര്‍ഗരതിയ്ക്ക് നിയമസാധുത നല്‍കിയ സുപ്രീം കോടതി വിധി വിഡ്ഡിത്തമാണെന്ന് അബ്ദുറഹ്‌മാന്‍ വിളിച്ചുപറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.കെ. മുനീര്‍ (2015 സെപ്തംബര്‍ 24 ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഫോട്ടോ)

ഭാര്യയ്ക്കും ഭര്‍ത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന കോടതി നിരീക്ഷണം ലൈംഗിക അരാജകത്വമുണ്ടാക്കുമെന്നായിരുന്നു അബ്ദുറഹ്‌മാന്റെ പ്രസംഗം. കോടതി വിധിയെ സ്വാഗതം ചെയ്ത ഡി.വൈ.എഫ്.ഐയ്ക്ക് എന്ത് ധാര്‍മികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം,’ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിനെതിരായ പ്രതിഷേധ വേദിയില്‍ അബ്ദുറഹ്‌മാന്‍ കല്ലായി പ്രസംഗിച്ചു.


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയാണ്, അബ്ദുറഹ്‌മാന്‍ പറഞ്ഞ ഇതേ സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടുന്ന എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനായി മുനീര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയത്. രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

ഇതിന് ശേഷം 2018ല്‍ ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന സിനിമ കണ്ടതിന് ശേഷവും ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും അവരെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും അബ്ദുറഹ്‌മാന്‍ പറഞ്ഞ ‘നട്ടെലുള്ള’ സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ മുനീര്‍ രംഗത്തുണ്ടായിരുന്നു.

അബ്ദുറഹ്‌മാന്‍ കല്ലായി

‘ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ സെക്‌സ് വര്‍ക്കിന് വേണ്ടി മാത്രം ഇറങ്ങുന്നവരാണെന്ന പൊതുധാരണയുണ്ട്. അവരില്‍ കലാകാരന്മാരുണ്ട്, നല്ല സംരംഭകരുണ്ട്, എഴുത്തുകാരുണ്ട്, വിവിധ മേഖലകളില്‍ ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഈ യാഥാര്‍ഥ്യം സിനിമ സംസാരിക്കുന്നുണ്ട്,’ എന്നായിരുന്നു മുനീര്‍ സിനിമ കണ്ട ശേഷം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

പി.എസ്.സി പരീക്ഷയില്‍ മെയില്‍ ഫീമെയില്‍ കോളത്തോടൊപ്പം ടീ എന്നൊരു കോളവും ജെന്‍ഡര്‍ രേഖപ്പെടുത്താന്‍ കൊണ്ടുവന്നിട്ടുണ്ട്. തന്റെ നിയോജകമണ്ഡലത്തിലാണ് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ ടോയ്ലെറ്റുകള്‍ സ്ഥാപിച്ചതെന്നാണ് മുനീര്‍ അഭിമാനത്തോടെ ആ അഭിമുഖത്തില്‍ പറയുന്നത്.

എം.കെ. മുനീര്‍

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രൈഡ് മന്തിനോട് ഐക്യപ്പെട്ട് ക്വീര്‍ കമ്മ്യൂണിറ്റിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എം.കെ. മുനീര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നിങ്ങള്‍ ആരാണോ അതില്‍ അഭിമാനിക്കുക, പ്രൈഡ് മാസം ആശംസിക്കുന്നു എന്ന അടിക്കുറിപ്പില്‍ ‘ലവ് വിത്ത് പ്രൈഡ്’ എന്ന പോസ്റ്ററാണ് എം.കെ മുനീര്‍ ഷെയര്‍ ചെയ്തത്.


പോസ്റ്റിന് താഴെ വന്ന സൈബര്‍ ആക്രമങ്ങളെ തുടര്‍ന്ന് മുനീറിന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ലീഗ് അനുകൂലികളായ നിരവധി പേര്‍ മുനീറിനെതിരെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇതേ പോസ്റ്റ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. സി.എച്ചിന്റെ നട്ടെല്ലിനെക്കുറിച്ച് പ്രസംഗിച്ച അബ്ദുറഹ്‌മാന്‍ കല്ലായി 24 മണിക്കൂറിനകം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയതും ഇതിനോട് കൂട്ടിവായിക്കണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MK Muneer introduced transgender policy in India Abdurahman Kallai

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more