കോഴിക്കോട്: താലിബാനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ. മുനീര്‍ എം.എല്‍.എയ്ക്ക് വധഭീഷണി. താലിബാനെതിരായ പോസ്റ്റില്‍ പറയുന്നത് മുസ്‌ലിം വിരുദ്ധതയാണെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത് എന്നുമാണ് ഭീഷണി.
‘നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കുറെ കാലമായി നിന്റെ മുസ്‌ലിം വിരോധവും ആര്‍.എസ്.എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ കത്തില്‍ പറയുന്നു.
‘താലിബാന്‍ ഒരു വിസ്മയം’ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ പറഞ്ഞു.
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് മുനീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത വിവേചനത്തിന്റേയും തീവ്ര മത മൗലികവാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാനെന്ന് മുനീര്‍ പറഞ്ഞിരുന്നു.
‘സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ജന്മം നല്‍കിയ താലിബാന്‍ പിന്നീട് അഫ്ഗാന്‍ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഏതൊരു തീവ്രതയെയും എതിര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക,’ എന്ന് പറഞ്ഞായിരുന്നു മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് താഴെ അധിക്ഷേപവും ഭീഷണിയുമായി നിരവധി താലിബാന്‍ അനുകൂലികള്‍ കമന്റ് ചെയ്തിരുന്നു.