തിരുവനന്തപുരം: ആര്‍.എസ്.എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍. കേരളത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും മാത്രം മതിയെന്ന വിചാരം നടപ്പിലാക്കാന്‍ പറ്റില്ലെന്നും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എപ്പോഴും കൈക്കൊള്ളുന്നതെന്നും മുനീര്‍ പറഞ്ഞു.
നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര്‍.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സി.പി.ഐ.എമ്മും ബി.ജെ.പിയും മാത്രം മതിയെന്ന വിചാരമാണെങ്കില്‍ അത് നടപ്പാവില്ല. പകല്‍ ആര്‍.എസ്.എസുമായി തല്ലുകൂടി രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സി.പി.ഐ.എം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയുമാണ്,’ മുനീര്‍ വിമര്‍ശിച്ചു.
ഒന്നുകില്‍ സി.പി.ഐ.എം ആകുക അതല്ലെങ്കില്‍ ബി.ജെ.പിയാവുക എന്ന നിലപാടാണ്. ആ തിയറി ഇവിടെ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകുമെന്നും മുനീര്‍ പറഞ്ഞു. വരുന്ന എല്ലാ സി.എ.ജി റിപ്പോര്‍ട്ടിലും ഭരിക്കുന്നവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ പ്രമേയം പാസാക്കി റിപ്പോര്‍ട്ട് തള്ളുന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീര്‍ ചോദിച്ചു.
‘എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാനുള്ള പ്രമേയം. സി.പി.ഐ.എമ്മിനെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുന്ന നിലപാടാണ് പ്രമേയത്തിലൂടെ ആവര്‍ത്തിക്കുന്നത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും സി.പി.ഐ.എം ഇല്ലാതെയായത്,’ എം.കെ. മുനീര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MK Muneer criticizes against RSS and BJP and opposed resolution by the government