| Friday, 28th December 2018, 6:38 pm

സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ മനപ്പൂര്‍വം അപമാനിക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മണ്ഡല വികസന പരിപാടികളില്‍ സര്‍ക്കാര്‍ തന്നെ മനപ്പൂര്‍വം അപമാനിക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ. സ്വന്തം മണ്ഡലത്തിലെ പരിപാടികളില്‍ പോലും അവസാന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൊണ്ടയാട് മേല്‍പ്പാല ഉദ്ഘാടനത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ആദ്യ പരിഗണന തനിക്കാണ് നല്‍കേണ്ടതെങ്കിലും മേയര്‍ക്കും ശേഷം തന്നെ പരിഗണിച്ചത് അപമാനിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമാണെന്നും മുനീര്‍ പറഞ്ഞു.


“മുമ്പും ഇതു പോലെയുണ്ടായിട്ടുണ്ട്. അന്ന് സ്പീക്കര്‍ക്ക് അടക്കം പരാതി നല്‍കിയിരുന്നു. പക്ഷേ, വീണ്ടും ആവര്‍ത്തിക്കുകയാണ്. ആദ്യ പരിഗണന തനിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നിട്ടും അദ്ദേഹം പോലും ഇക്കാര്യം ചോദിച്ചില്ലെന്നും” മുനീര്‍ ആരോപിച്ചു.

തൊണ്ടയാട്-രാമനാട്ടുകാര മേല്‍പ്പാല ഉദ്ഘാടന ചടങ്ങില്‍ മുനീറും എം.കെ രാഘവന്‍ എം.പിയും പങ്കെടുത്തിരുന്നില്ല. ഇക്കാര്യം പരോക്ഷമായി പറഞ്ഞ് ചടങ്ങില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

“യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്താണ് പാലം പണിക്ക് തുടക്കമിട്ടത്. പക്ഷേ, ഇപ്പോള്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് ചടങ്ങുകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുകയാണ്. വിളിക്കാത്ത കല്ല്യാണത്തിന് പോയപോലെ തോന്നിയത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വെള്ളിയാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തൊണ്ടയാട് ജംഗ്ഷനിലേയും രാമനാട്ടുകര ജംഗ്ഷനിലേയും മേല്‍പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

We use cookies to give you the best possible experience. Learn more