| Thursday, 30th August 2018, 12:22 pm

മുഖ്യമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കെട്ടി, ഇവിടെ ഹിറ്റ്‌ലറിന്റെ ഭരണമാണോ; ഒരുമാസത്തെ ശമ്പളം ചോദിച്ച മുഖ്യമന്ത്രിക്കെതിരെ എം.കെ മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരുമാസത്തെ ശമ്പളം നല്‍കൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ. ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് നിങ്ങളുടെ ഒരുമാസത്തെ ശമ്പളം തരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നും മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും ഓഡിയോ സന്ദേശത്തിലൂടെ മുനീര്‍ ചോദിക്കുന്നു.

ദുരിതമനുഭവിക്കുന്നവരെ നേരില്‍ കാണാത്തത് കൊണ്ടാണ് മുഖ്യമന്ത്രിക്കിത് പറയാന്‍ കഴിയുന്നതെന്നും ഇനിയും വീട്ടിലെത്താത്ത എല്ലാം നഷ്ടപ്പെട്ട യാതന അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ കീശയില്‍ കയ്യിട്ട് വാരുന്ന കൊള്ള ശരിയല്ലെന്നും മുനീര്‍ പറയുന്നു.

പിണറായിയെ പൊളിച്ചടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്, ഡോ.എം.കെ.മുനീറിന്റെ അഞ്ചര മിനിറ്റോളം വരുന്ന വോയ്സ് ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വോയിസ് ക്ലിപ്പ് തന്റേതാണെന്ന് എം.കെ മുനീര്‍ പിന്നീട് സ്ഥിരീകരിക്കുന്നുമുണ്ട്.


Read  Also : പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമായിരുന്നോ?; സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും പി.കെ ബഷീര്‍


“അവര്‍ക്ക് അങ്ങോട്ട് എന്തെങ്കിലും ജീവിതം ഉണ്ടാക്കി കൊടുക്കുന്നതിന് പകരം അവരെ കൊള്ളയടിക്കുന്ന ശ്രമം ശരിയല്ല. ഇതുവരെ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒരു പൈസയും ചെലവാക്കേണ്ടി വന്നിട്ടില്ല. ക്യാംപുകളില്‍ അവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടില്ല. വസ്ത്രം കൊടുത്തിട്ടില്ല. മലയാളികളുടെ സന്മനസ്സുകൊണ്ടാണ് ഇതൊക്കെ നടന്നു പോയത്. സര്‍ക്കാര്‍ റേഷന്‍ പോലും അവര്‍ക്ക് കൊടുക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഈ രീതിയില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു”. മുനീര്‍ പറയുന്നു.

“പിന്നെ എന്തിനാണ് സി.എം.ഡി.ആര്‍.എഫ് പണം സ്വരൂപിക്കുന്നത്. ഓഖി 100 കോടി പിരിച്ചിട്ട് 20 കോടിയെ നല്‍കിയിട്ടുള്ളു. ബാക്കി 80 കോടി എന്തായി. ഇപ്പോ വന്നിട്ടുള്ള ഫണ്ടില്‍ എത്രയാണെന്നുള്ളത് അത് പ്രത്യേക അക്കൗണ്ട് അല്ലാത്തത് കൊണ്ട് തിട്ടപ്പെടുത്തിയിട്ടില്ല. നമ്മള്‍ ഒറ്റക്കെട്ടായി പ്രഈ കാര്യത്തില്‍ തികരിക്കണം. ഇപ്പോള്‍ വിദേശ രാജ്യത്ത് നിന്നും കേരളത്തിലേക്കയച്ച സാധനങ്ങള്‍ എയര്‍പോര്‍ട്ടിലെ കാര്‍ഗോയില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ പറയുന്നത് ആര് അയച്ചു ആര് കൊടുക്കുന്നു എന്നുള്ളതൊന്നും ഞങ്ങള്‍ക്ക് പ്രശനമല്ല. നിങ്ങള്‍ അങ്ങനെ അയച്ചാല്‍ മതി ഞങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തോളാം. ഇതെന്താണ് ഹിറ്റലറുടെ ഭരണമോ. നാസി ജര്‍മ്മനിയോ. ഇതൊന്നും വക വെച്ചുകൊടുക്കാന്‍ പറ്റില്ല”. മുനീര്‍ അഭിപ്രായപ്പെടുന്നു.


Read Also : നോട്ടുനിരോധനകാലത്തെ മോഹന്‍ലാലിന്…


“ഞങ്ങള്‍ ഇതുവരെ ഇതിന്റെ കൂടെ സഹകരിച്ചു. രാഷ്ട്രീയമൊന്നും നോക്കിയിട്ടില്ല. ഇനിയും സഹകരിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് ഈ അതിജീവനം. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ദുരിതബാധിതര്‍ക്ക് ഒന്നും ചെലവാക്കേണ്ടി വന്നിട്ടില്ല. 3000 കൊടുക്കാമെന്ന് പറഞ്ഞ് ഒന്നും കൊടുത്തില്ല. സര്‍ക്കാര്‍ കുറച്ചുകൂടി മാന്യത പാലിക്കണം”

“ഇത്രയും കാലം എല്ലാ എന്‍.ജി.ഒയെയും സന്നദ്ധ സംഘടനകളേയും ഉപയോഗിച്ച് ഇത്രയും കാര്യം ചെയ്ത്, ഇപ്പോള്‍ അവര്‍ അയച്ചു തരുന്ന സാധനങ്ങളെ തൊടാന്‍ സമ്മതിക്കൂല എന്ന് പറയുന്നത് ശരിയല്ല. അങ്ങനെയുള്ളവരെ അറസ്റ്റു ചെയ്യുമെന്ന തിരുവനന്തപുരം കലക്ടറുടെ നിലപാട് തെറ്റാണ്. അത്തരം സമീപനങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും”. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് മുനീറിന്റെ നിലപാടെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more