| Friday, 20th October 2023, 4:29 pm

ലാവ്‌ലിൻ കേസ് എന്തുകൊണ്ടാണ് നിരന്തരം നീട്ടിവെക്കുന്നത് എന്ന് ദേവഗൗഡയുടെ പ്രസ്താവനയോടെ പുറത്തുവന്നു: എം.കെ. മുനീർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏതൊക്കെ രീതിയിൽ പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ നുണകൾ പറഞ്ഞു വഞ്ചിച്ചുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ദേവഗൗഡയുടെ പ്രസ്താവനയെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ.

ബി.ജെ.പി-സി.പി.ഐ.എം ബന്ധത്തെ ചോദ്യം ചെയ്യുന്നത് തടയാനാണ് കോൺഗ്രസിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് പിണറായി നിരന്തരം ആരോപിക്കുന്നതെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

‘ബി.ജെ.പി – സി.പി.ഐ.എം ബാന്ധവം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ദേവഗൗഡ നടത്തിയ പത്രസമ്മേളനത്തിൽ പൂച്ച് പുറത്തുചാടിയിരിക്കുന്നു. ഏതൊക്കെ രീതിയിലാണ് കേരളത്തിലെ ജനങ്ങളെ പിണറായി വിജയൻ നുണകൾ പറഞ്ഞ് വഞ്ചിച്ചത് എന്നതിന്റെ ഏറ്റവും വലിയ തെളിവായിട്ട് ദേവഗൗഡയുടെ പ്രസ്താവനയെ നമുക്ക് കാണാം.

ദേവഗൗഡ പറഞ്ഞിരിക്കുന്നത് ഞങ്ങൾ ബി.ജെ.പിയിലേക്ക് പോയിരിക്കുന്നത് പിണറായി വിജയന്റെ സമ്മതത്തോട് കൂടിയാണ് എന്നാണ്. ഇതിൽപരം പിണറായി വിജയന്റെ ദ്വിമുഖം വെളിവാക്കാൻ വേറെ എന്ത് ഉദാഹരണമാണ് നമുക്ക് വേണ്ടത്.

ഇത് ചോദ്യം ചെയ്യുന്നതിനെ തടയിടാൻ വേണ്ടിയാണ് കോൺഗ്രസ്‌ – ബി.ജെ.പി ബാന്ധവം ഉണ്ടെന്ന് പിണറായി വിജയൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്,’ മുനീർ പറഞ്ഞു.

എന്തുകൊണ്ടാണ് ലാവ്‌ലിൻ കേസ് നിരന്തരമായി നീട്ടിവെക്കുന്നത് എന്നും പല കേസുകളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി ഊരി രക്ഷപ്പെടുന്നത് എങ്ങനെയാണെന്നും ദേവഗൗഡയുടെ പ്രസ്താവനയോട് കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും മുനീർ പറഞ്ഞു.

ബി.ജെ.പിയെ താഴെയിറക്കാൻ രൂപം നൽകിയ ഇന്ത്യ മുന്നണിക്ക് ഒരു പ്രതിനിധിയെ കൊടുക്കാതെ സി.പി.ഐ.എം നേതൃത്വം മാറിനിൽക്കുമ്പോഴാണ് ബി.ജെ.പിയെ നേരിടാൻ ശക്തരായിട്ടുള്ളവർ തങ്ങളാണെന്ന് പിണറായി പറയുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.

‘കോൺഗ്രസ്‌ നേതൃത്വം കൊടുത്തുകൊണ്ട് ഇന്ത്യ എന്ന് പറയുന്ന മുന്നണി ബിജെപിയെ താഴെയിറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി വലിയൊരു നീക്കം നടത്തുന്ന സമയത്ത് മാർക്സിസ്റ്റ് പാർട്ടിയാണ് അവരുടെ പ്രതിനിധിയെ ഇന്ത്യ സഖ്യത്തിന് കൊടുക്കാതെ മാറിനിൽക്കുന്നത്. എന്നിട്ട് പിണറായി വിജയൻ പറയുന്നു തങ്ങളാണ് ബി.ജെ.പിയെ നേരിടാൻ ശക്തരായിട്ടുള്ളത് എന്ന്.

എന്നാൽ ഇപ്പോൾ മനസിലായില്ലേ, ജെ.ഡി.എസിന്റെ കേരള ഘടകം പോലും ബി.ജെ.പിയിൽ ചേരാൻ ദേവഗൗഡക്ക് സമ്മതം കൊടുത്തു എന്ന് പറയുമ്പോൾ, കൃഷ്ണൻകുട്ടി ദേവഗൗഡയുമായി സംസാരിച്ചിരുന്നു എന്ന് പറയുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ അങ്ങനെയൊരു സമ്മതം കൃഷ്ണൻകുട്ടി ദേവഗൗഡയെ അറിയിക്കുമോ?’ മുനീർ പറഞ്ഞു.

Content Highlight: MK muneer about Devagowda’s statement against Pinarayi Vijayan

We use cookies to give you the best possible experience. Learn more