| Wednesday, 8th August 2018, 10:28 am

മറീനയ്ക്കുവേണ്ടി വാദിക്കുന്നവര്‍ സ്‌റ്റൈര്‍ലൈറ്റ് പ്രക്ഷോഭകരെപ്പോലെ വായില്‍ മാലിന്യമുള്ളവര്‍; അവരെ അറസ്റ്റു ചെയ്യണം: വിദ്വേഷ പരാമര്‍ശവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അല്പ സമയത്തിനകം ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കാനിരിക്കേ, മറീന ബീച്ചില്‍ ഭൗതികശരീരം അടക്കം ചെയ്യണമെന്നാവശ്യപ്പെടുന്നവരെ അറസ്റ്റു ചെയ്യണമെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യസ്വാമി. “എം.കെ. ഫോര്‍ മറീന” ക്യാംപയിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പളനിസ്വാമി ജയിലിലടയ്ക്കണമെന്നാണ് സ്വാമിയുടെ പ്രസ്താവന.

സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭകരെയും പാടേ അവഹേളിക്കുന്ന തരത്തിലാണ് സ്വാമിയുടെ ട്വിറ്റര്‍ കുറിപ്പ്. “സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭത്തിലുണ്ടായതു പോലെ നഗരത്തിലെ അഴുക്കുചാലിലുള്ളത്ര മാലിന്യം വായില്‍ നിന്നും വമിക്കുന്ന നക്‌സലൈറ്റ് ഗുണ്ടകള്‍ എം.കെ. ഫോര്‍ മറീന എന്ന ക്യാംപയിനുമായി ഇറങ്ങിയിട്ടുണ്ട്. ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇവരുടെ സ്ഥാനമെവിടെയാണെന്ന് ഇ.പി.എസ് അവര്‍ക്കു കാണിച്ചു കൊടുക്കണം. അവരെയെല്ലാം ജയിലിലടയ്ക്കണം.” സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.

 

അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനരികെ കരുണാനിധിയ്ക്കും സമാധിയൊരുക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തെ സ്ഥലപരിമിതിയും തീരദേശ സംരക്ഷണനിയമവും ചൂണ്ടിക്കാട്ടി എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആര്‍.എസ്.എസിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തതെന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ആവശ്യം നിരാകരിക്കണമെന്ന നിര്‍ദ്ദേശവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാല്‍, രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും സീതാറാം യച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഡി.എം.കെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

കരുണാനിധിക്ക് അന്ത്യവിശ്രമം കൊള്ളാന്‍ മറീനാ ബീച്ചില്‍ സ്ഥലമനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍, അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനു പിറകിലുള്ള സ്ഥലമാണ് കരുണാനിധിയ്ക്കായി ആവശ്യപ്പെടുന്നതെന്നും ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഡി.എം.കെ അഭിഭാഷകര്‍ പറയുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഡി.എം.കെ ഇന്നലെ കോടതിയില്‍ വാദിച്ചു.

We use cookies to give you the best possible experience. Learn more