മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിയുകയാണെന്ന് എം.കെ ദാമോദരന്‍
Daily News
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിയുകയാണെന്ന് എം.കെ ദാമോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2016, 11:15 am

mk-damodaran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് പദവി ഒഴിയുകയാണെന്ന് എം.കെ ദാമോദരന്‍. ഇതുവരെ ഈ പദവി ഔദ്യോഗികമായി ഏറ്റെുത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ പദവി രാജിവെക്കേണ്ട ആവശ്യമില്ലെന്നും ദാമോദരന്‍ പറഞ്ഞു.

അടിസ്ഥാനപരമായി താന്‍ ഒരു അഭിഭാഷകനാണെന്നും തന്റെ ജോലി തനിക്ക് തുടരേണ്ടതുണ്ടെന്നും ദാമോദരന്‍ പറഞ്ഞു. താന്‍ ഇതുവരെ ഈ പദവി ഏറ്റെടുത്തില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി അഡ്വ. എം.കെ.. ദാമോദരനെ നിയമിച്ച ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്. ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ ഉണ്ടെന്നിരിക്കെ എം.കെ.ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് കുമ്മനം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.

ഗവ. സ്‌പെഷല്‍ സെക്രട്ടറിക്കു തുല്യമായ പദവിയാണ് എം.കെ.ദാമോദരനുള്ളതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ ഫയലുകള്‍ പരിശോധിക്കാനുള്ള അധികാരവും നിയമോപദേഷ്ടാവിനുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എതിര്‍ കക്ഷിയായ ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കുന്നത് ആശാസ്യമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവി ഇടതുസര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയെങ്കിലും ഒരു രൂപ പോലും അദ്ദേഹം ശമ്പളം വാങ്ങുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ദാമോദരന്‍ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ പദവിയിലിരിക്കെ തന്നെ സര്‍ക്കാറിനെതിരായ കേസുകള്‍ ദാമോദരന്റെ നിയമ കമ്പനി ഏറ്റെടുക്കുകയും ദാമോദരന്‍ തന്നെ ചില കേസുകളില്‍ ഹാജരാകുകയും ചെയ്തിരുന്നു.

ലോട്ടറി മാഫിയ രാജാവായി അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയില്‍ മാര്‍ട്ടിന് വേണ്ടി ഒന്നിലധികം തവണ ദാമോദരന്‍ കോടതിയില്‍ ഹാജരായിയിരുന്നു.

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കശുവണ്ടി അഴിമതിക്കേസിലെ പ്രതി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ വക്കാലത്ത് ദാമോദരന്റെ നിയമ കമ്പനിക്കാണ്. പാറമട ഉടമകളുടെ കേസും ദാമോദരനെയാണ് ഏല്‍പിച്ചത്.

വലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായതും വിചാരണ നടക്കും മുമ്പ് തള്ളിച്ചതും എം.കെ. ദാമോദരനായിരുന്നു.