സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍
Daily News
സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2016, 12:59 pm

mk-damodaran

കൊച്ചി: ലോട്ടറി തട്ടിപ്പു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായി. എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ വീണ്ടും ഹാജരായത്.

കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ദാമോദരന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് കേസ് മാറ്റി. അതേസമയം, മാര്‍ട്ടിന്റെ സ്വത്ത് കണ്ട് കെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറയിച്ചു.

മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായിരിക്കുന്നത്. നേരത്തെ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ദാമോദരന്‍ ഹാജരായതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ദാമോദരന്റെ നടപടി അനൗചിത്യമാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. ദാമോദരന്റേത് അധാര്‍മിക നടപടിയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ദാമോദരന്‍ നിയമോപദേശകന്റെ സ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.