| Tuesday, 1st March 2022, 10:42 pm

'സെലന്‍സ്‌കി നാടകം കളിക്കുകയാണ്, അയാളൊരു ഡ്രഗ് അഡിക്റ്റ്, യാതൊരു രാഷ്ട്രീയ പാര്യമ്പര്യവും ഇല്ല': എം.കെ. ഭദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉക്രൈന്റെ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഒരു സ്വപ്നമാണെന്ന് റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ. ഭദ്രകുമാര്‍. ഒരുപാട് നടപടിക്രമങ്ങളുള്ള വിഷയമാണ് യു.എന്‍ അംഗത്വം.
ഇതിനായി സങ്കീര്‍ണതകള്‍ ഏറെയുണ്ടെന്നും ഭദ്രകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഭദ്രകുമാറിന്റെ പ്രതികരണം.

‘തുര്‍ക്കി അപേക്ഷിച്ചിട്ട് 35 വര്‍ഷമായി. ഹംഗറി പോലുള്ള റഷ്യക്ക് സ്വാധീനമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലുണ്ട്. സെലന്‍സ്‌കി നാടകം കളിക്കുകയാണ്. അയാളൊരു ഡ്രഗ് അഡിക്റ്റ് ആണ്. പറയാന്‍ കൊള്ളാത്ത പല സ്വഭാവങ്ങളും അയാള്‍ക്കുണ്ട്.

എല്ലാ കാര്യങ്ങളേയും ഡ്രാമറ്റൈസ് ചെയ്യുന്ന, ഒരു കൊമേഡിയനായ ടെലിവിഷന്‍ ആങ്കര്‍ മാത്രമാണ് അയാള്‍. യാതൊരു രാഷ്ട്രീയ പാര്യമ്പര്യവും ഇല്ലാത്ത ആളാണ്.’ ഭദ്രകുമാര്‍ പറഞ്ഞു.

യൂറോപ്പില്‍നിന്ന് ഒരു ആയുധവും വരാന്‍ പോകുന്നില്ല. വരികയാണെങ്കില്‍ റഷ്യ സമ്മതിക്കില്ല. ഒരു മാപ്പ് നോക്കിയാല്‍ അവിടുത്തെ ജിയോഗ്രഫി മനസിലാക്കാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ കാര്യങ്ങള്‍ വിലയിരുത്തുക സാധ്യമല്ലെന്നും ഭദ്രകുമാര്‍ പറഞ്ഞു.

യുദ്ധത്തില്‍ പങ്കെടുക്കേണ്ടത് യൂറോപ്പിന്റെ ചുമതലയല്ല. അങ്ങനെയൊരു പാരമ്പര്യം അവര്‍ക്കില്ല. യുദ്ധം നയിക്കേണ്ട ചുമതല നാറ്റോക്കാണെന്നും ഭദ്രകുമാര്‍ പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള ഉക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ്
വൊളോഡിമിര്‍ സെലന്‍സ്‌കി സംസാരിച്ചിരുന്നു. സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ഉക്രൈനോടൊപ്പമാണെന്ന് ഇ.യു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പോരാട്ടത്തില്‍ ഉക്രൈന്‍ ഒറ്റയ്ക്കാണെന്നും സെലന്‍സ്‌കി പറഞ്ഞു.

Content Highlights:  MK Bhadrakumar about Ukraine President Volodymyr Zelenskyy

We use cookies to give you the best possible experience. Learn more