| Tuesday, 6th November 2018, 1:15 pm

നിങ്ങള്‍ പറഞ്ഞ ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി കേരളത്തില്‍ അട്ടര്‍നോണ്‍സണ്‍സാണ്; ശ്രീധരന്‍പിള്ളയെ ചാനല്‍ചര്‍ച്ചയില്‍ വലിച്ചുകീറി ശ്രീചിത്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണെന്നുള്ള ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം കേരളത്തിലെ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജനാധിപത്യപരമായും നിയമപരമായും നടപടിയെടുത്തു പോകേണ്ട സന്ദര്‍ഭം മുന്നിലെത്തിക്കഴിഞ്ഞെന്നും സാമൂഹ്യനിരീക്ഷകന്‍ എം.ജെ. ശ്രീചിത്രന്‍.

അതില്‍ ഒരു തരത്തിലും സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീധരന്‍പിള്ള ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ചരിത്രബോധ്യമുള്ള, ബി.ജെ.പിയെ ബോധ്യമുള്ള ഏതൊരു മനുഷ്യനും അറിയാവുന്നതാണെന്നും മീഡിയാവണ്‍ ചര്‍ച്ചയ്ക്കിടെ ശ്രീചിത്രന്‍ പറഞ്ഞു.

“”കുറച്ചുകാലം മുന്‍പ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 50 രൂപയ്ക്ക് പെട്രോള്‍ എന്ന വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ പറയുന്ന കാര്യങ്ങളൊക്കെ ആരെങ്കിലും കാര്യമായി എടുക്കാറുണ്ടോ എന്ന് ചോദിച്ച ആളാണ് ശ്രീധരന്‍പിള്ള.

മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ ബി.ജെ.പിയില്‍ ചേരാന്‍ എത്തിയതാണെന്ന് പറഞ്ഞ് പോസ്റ്റിട്ട ആളാണ് ശ്രീധരന്‍പിള്ള.


“അടിച്ചു കൊല്ലെടാ അവളെ”; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്


കുറച്ചുദിവസം മുന്‍പാണ് ശിവദാസന്‍ ആചാരിയുടെ മരണവുമായി ബന്ധപ്പെട്ട് 17 ാം തിയതി എന്ന് കളളം പറഞ്ഞത് അത് 19 ാം തിയതി ഫോണ്‍ ചെയ്തു എന്ന് മകന്‍ തന്നെ പറഞ്ഞു. അപ്പോഴും 17 ാം തിയതി എന്ന് പറഞ്ഞ് ഉറച്ചുനിന്ന ആളാണ് ശ്രീധരന്‍ പിള്ള.

ശ്രീധരന്‍പിള്ള പറഞ്ഞ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അദ്ദേഹം ഇടയ്ക്കിടെ സ്വയം വാണ്‍ ചെയ്യുന്ന കാര്യമുണ്ട് താന്‍ ഒരു വലിയ ക്രിമിനല്‍ ലോയര്‍ ആണെന്ന്. താന്‍ സീനിയര്‍ അഡ്വക്കേറ്റ് ആണെന്ന്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയാറുണ്ട്. പക്ഷേ അദ്ദേഹം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.

അദ്ദേഹം പറഞ്ഞത് തന്ത്രി തന്നോട് നിയമസഹായം തേടുകയാണ് ഉണ്ടായതെന്നാണ്. വാദത്തിന് വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍ നിയമസഹായം തേടുകയാണെങ്കില്‍ നട അടച്ചിടാമോ എന്ന് ചോദിക്കുമ്പോള്‍ നട അടച്ചിടരുത് കോടതി അലക്ഷ്യമാകുമെന്ന് പറയണം അതിനുള്ള വകുപ്പുകള്‍ കാണിക്കണം, അല്ലെങ്കില്‍ നട അടച്ചിടണം എന്ന് പറഞ്ഞ് അതിനുള്ള വകുപ്പുകള്‍ കാണിക്കണം. ഇത് രണ്ടും അല്ല അദ്ദേഹം നല്‍കിയ മറുപടി.

മറുപടി നിങ്ങള്‍ ധൈര്യമായി അടച്ചിട്ടോ പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നാണ്. അത് എന്ത് നിയമോപദേശമാണ്. അദ്ദേഹം പറയുകയാണ് ഇതാണ് നിയമോപദേശം എന്ന്. മലയാളികളെ കളിയാക്കുകയല്ലേ ഇതാണ് നിയമോപദേശം എന്ന് പറഞ്ഞ്.

ഇതില്‍ എന്ത് നിയമോപദേശമാണ് ഉള്ളത്. ഇതില്‍ രാഷ്ട്രീയക്കാരന്റെ ഭാഷയല്ലാതെ വേറെയൊന്നും ഇല്ല. ഇദ്ദേഹം പറയുന്ന ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയുണ്ടല്ലോ ഇത് നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണ്. ഇവിടെ ഇതിന് അട്ടര്‍ നോണ്‍സണ്‍സ് എന്നാണ് പറയുക. മലയാളിയ്ക്ക് ഇത് അട്ടര്‍ നോണ്‍സണ്‍സ് ആണ്.

നോര്‍ത്ത് ഇന്ത്യയില്‍ ഇത് നടക്കുന്നത് അവിടെ വിശ്വാസമെന്ന അറ ശക്തമായിരിക്കുകയും ജനാധിപത്യമൂല്യങ്ങളുടേയും സംസ്‌ക്കാരത്തിന്റേയും അറ താരതമ്യേന ദുര്‍ബലമായിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്.

സാക്ഷരരല്ലാത്ത ഒരു സമൂഹത്തിന് മുന്നില്‍ മനുഷ്യരെ കുളം കുത്തിക്കലക്കി വര്‍ഗീയ വിഷം പടര്‍ത്തി അവിടെ നിന്ന് ലാഭം കൊയ്യുന്ന അടവ് നടക്കും. അതാണ് അദ്ദേഹത്തിന്റെ പരിചയം. അത് ബി.ജെ.പിയുടെ ഒരു പരിചയമാണ്. ഓള്‍ ഇന്ത്യാ ലെവലില്‍ അനേകം സന്ദര്‍ഭങ്ങളില്‍ ചിലവായ ഒരു അടവാണ്. ആ പരിചയം വെച്ചാണ് അദ്ദേഹം ഇതിനെ ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി എന്ന് പറയുന്നത്. ഇത് കേരളത്തില്‍ ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി അല്ല എന്ന തിരിച്ചറിവ് ഇന്നെങ്കിലും അയാള്‍ക്കുണ്ടാകേണ്ടതാണ് ഒരര്‍ത്ഥത്തില്‍. പക്ഷേ അതുണ്ടാകുന്നില്ല.


Also Read നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ചുനാളുകള്‍കൊണ്ട് തിരിച്ചറിയും; ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പിണറായി


നമ്മള്‍ വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നും ഇനി സര്‍ക്കാര്‍ മാത്രമാണ് എതിരാളിയെന്നും പറയുന്നു. വീണവര്‍ ആരൊക്കെയാണെന്ന് സ്വയം തിരിച്ചറിയുന്നത് നന്നായിരിക്കും. ഇനിയെങ്കിലും കോണ്‍ഗ്രസ് എഴുന്നേറ്റ് നിന്ന് കോണ്‍ഗ്രസാകണം. ആര്‍.എസ്.എസിനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങള്‍ക്ക് കളിക്കാനുള്ള കളി ഏതാണ്ട് കേരളത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. കേരളത്തിലെ സാമാന്യ മനുഷ്യര്‍, സമാധാനമാഗ്രഹിക്കുന്ന കേരളത്തിലെ വിശ്വാസി സമൂഹം ഇവര്‍ക്കെല്ലാം കാര്യങ്ങള്‍ ഏതാണ്ട് ബോധ്യപ്പെട്ടു കഴിഞ്ഞു.

ശ്രീധരന്‍പിള്ള അടുത്ത കാലത്ത് പറഞ്ഞതില്‍ ഒരൊറ്റ കാര്യമാണ് സത്യമായിട്ടുള്ളത്. ശബരിമലയില്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമാണ് നടക്കുന്നതെന്ന കാര്യം. അത് ഇപ്പോള്‍ ശരിയാണ്. പക്ഷേ അദ്ദേഹം പറഞ്ഞ വിശ്വാസിയല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരും അവിശ്വാസികളായി അവിടെ വന്ന് കലാപം ഉണ്ടാക്കുന്നവരും തമ്മിലുള്ള സമരമാണ് നടക്കുന്നത്.

അദ്ദേഹം പറഞ്ഞത് കൃത്യമാണ്. അദ്ദേഹം അവിശ്വാസി കൂട്ടത്തിന്റെ തലവനാണ്. ശബരിമല സമസ്യയാണെന്നും ശബരിമല ലോങ്‌ലാസ്റ്റിങ് ഫൈറ്‌റ് നടത്തേണ്ട സ്ഥലമാണെന്നുമാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. ശബരിമല ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണ് എന്നതാണ് അടുത്ത വാചകം. ഇതൊക്കെയാണോ വിശ്വാസിയുടെ ഭാഷ. ഇദ്ദേഹത്തിന് എന്ത് വിശ്വാസമാണ് ഉള്ളത്. ഒരു വിശ്വാസവുമില്ല. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ്. അനേകം ഇടങ്ങളില്‍ ആര്‍.എസ്.എസ് പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയം കേരളത്തില്‍ ഇറക്കാമെന്നാണ് അദ്ദേഹം കരുതിയിരിക്കുന്നത്. കേരളത്തിലെ ആധുനിക ജനാധിപത്യ സമൂഹം മതേതര സമൂഹം അതിനെ പ്രതിരോധിക്കുമെന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിലെ ഒരു വിശ്വാസിയും ഇവര്‍ക്കൊപ്പം ഇനി നില്‍ക്കില്ല. സര്‍ക്കാര്‍ കൃത്യമായ നടപടിയെടുക്കേണ്ട സമയമാണ് ഇത്. സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കേണ്ട സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. “”- ശ്രീചിത്രന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more