ന്യൂദല്‍ഹി: മി ടൂ ആരോപണവിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകയുടെ അച്ഛന്‍നെഴുതിയ ഇമെയില്‍ വൈറലാവുന്നു. സി.എന്‍.എന്‍ റിപ്പോര്‍ട്ടറായ മജ്ലി ഡേ പൈ ക്യാംപിന്റെ പിതാവ് ജുരിയന്‍ ക്യാംപ് എം.ജെ അക്ബറിന് അയച്ച കത്താണ് വൈറലായത്.
മജ്‌ലിയുടെ ഡല്‍ഹിയിലെ വിജയകരമായ താമസത്തിന് ശേഷം നമ്മള്‍ മിണ്ടിയിട്ടേയില്ല എന്ന് പറഞ്ഞുതുടങ്ങുന്ന കത്തില്‍ എന്റെ 18 കാരിയായ മകളോട് താങ്കള്‍ യാത്ര പറഞ്ഞ രീതി ഞാന്‍ എന്റെ സുഹൃത്തില്‍ നിന്ന് പ്രതീക്ഷിച്ച പോലെയായിരുന്നില്ല എന്നാണ് ജുരിയന്‍ ക്യാംപ് പറയുന്നത്.
രാഷ്ട്രീയമായ നീക്കങ്ങളാണ് ഇതിനെല്ലാം പിന്നിലെന്ന എംജെ അക്ബറിന്റെ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് പിതാവിന്റെ മെയില്‍. അന്നുണ്ടായ സംഭവത്തില്‍ താങ്കള്‍ എന്റെ മകളോട് മാപ്പ് പറയണമെന്ന് ജുരിയന്‍ ക്യാംപ് പറയുന്നു.
ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ല്‍ എംജെ അക്ബര്‍ മര്യാദ വിട്ട് തന്നോട് പെരുമാറിയെന്നാണ് മിടൂ ക്യാമ്പയിനിലൂടെ മജ്ലി ഡേ പൈ ക്യാംപ് ആരോപിച്ചത്. അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ തന്നെ അക്ബര്‍ കടന്നുപിടിച്ചു എന്നതായിരുന്നു ആരോപണം.