എം.ജെ. അക്ബറിന്റെ ലൈംഗിക കയ്യേറ്റങ്ങള്‍
MeToo
എം.ജെ. അക്ബറിന്റെ ലൈംഗിക കയ്യേറ്റങ്ങള്‍
ഗസാല വഹാബ്
Saturday, 13th October 2018, 3:19 pm

#MeToo ക്യാംപെയ്ന്‍ ഇന്ത്യയിലും പ്രചാരം നേടവേ, ഒക്‌റ്റോബര്‍ 6-ന് ഞാന്‍ ട്വിറ്ററില്‍ കുറിച്ചു, “എം.ജെ. അക്ബറിന് നേരെ എന്നാകും അണക്കെട്ട് തുറന്നുവിടുക എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു”. താമസിയാതെ സുഹൃത്തുക്കളും ഏഷ്യന്‍ ഏജിലെ പഴയ സഹപ്രവര്‍ത്തകരും എന്നോട് വന്ന് ചോദിച്ചു: എന്തുകൊണ്ട് നിന്റെ തന്നെ അക്ബര്‍ കഥ വെളിപ്പെടുത്തുന്നില്ല? 1994-ല്‍ ഞാനവിടെ ട്രെയിനി ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അക്ബര്‍ ആയിരുന്നു എഡിറ്റര്‍. ഇതിനകം രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കേ, ഇപ്പോഴത് പറയുന്നത് മാന്യതയാകുമോ എന്ന് ഞാന്‍ ശങ്കിച്ചു. പക്ഷേ അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങള്‍ കൂടിയപ്പോള്‍ ഞാന്‍ അതേക്കുറിച്ചു ചിന്തിച്ചു.

അങ്ങേയറ്റം ക്ലേശകരമായ ആ ആറുമാസം മനസ്സില്‍ പുനഃസൃഷ്ടിച്ചു കൊണ്ട് ഞാന്‍ വാരാന്ത്യം ചെലവിട്ടു. മനസ്സിന്റെ ഏതോ വിദൂരകോണില്‍ താഴിട്ടടച്ച ചിലത് ഇപ്പോഴും എന്റെ രോമകൂപങ്ങളെ സംഭ്രമത്താല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുന്നതാണ്. ചിലപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി; ഞാനൊരു ഇരയായി അറിയപ്പെടില്ലെന്നും 1997-ലെ ആ ആറുമാസം എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലെന്നും എന്റെ വ്യക്തിത്വത്തെ അത് ഏതെങ്കിലും തരത്തില്‍ രൂപപ്പെടുത്തിയിട്ടില്ലെന്നും ഞാന്‍ സ്വയം പറഞ്ഞു.

ആ ട്വീറ്റിനെ ഫോളോ ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ ആരാധനാപാത്രത്തിന് കേവലമായ മൃഗചോദനയാണുള്ളതെന്ന് കണ്ടെത്തുന്നതും അത് ലോകത്തോട് വിളിച്ചു പറയുന്നതും രണ്ടാണ്. പക്ഷേ, എനിക്കുള്ള സന്ദേശങ്ങള്‍ കൂടിവന്നു. ഞാനത് തുറന്നുപറയുന്നത് മറ്റുള്ളവര്‍ക്കും അവരുടെ അനുഭവങ്ങളുമായി മുന്നോട്ട് വരാന്‍ ധൈര്യമേകുമെന്ന് ചിലര്‍ പറഞ്ഞു. ആയതിനാല്‍, ഇതാ എന്റെ കഥ.

 

1989-ല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് എന്റെ പിതാവ് അക്ബറിന്റെ Riot After Riot എന്ന പുസ്തകം സമ്മാനിക്കുന്നത്. ഞാനത് രണ്ടുദിവസത്തിനുള്ളില്‍ ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ തന്നെ India: The Siege Within, Nehru: The Making of India എന്നീ പുസ്തകങ്ങള്‍ കൂടി വാങ്ങി. Freedom at Midnight, O Jerusalem, Is Paris Burning പോലുള്ള മറ്റു പുസ്തകങ്ങള്‍ പതുക്കെ ഒരുവശത്തേക്ക് തള്ളിമാറ്റി. എനിക്ക് പുതിയൊരു പ്രിയമെഴും എഴുത്തുകാരന്‍ ഉണ്ടായിരിക്കുന്നു!

ജേണലിസ്റ്റ് ആകണമെന്ന് ആ വാക്ക് എങ്ങനെ ഉച്ചരിക്കും എന്നറിയുന്നതിന് മുന്നേ തന്നെ ഞാന്‍ തീരുമാനിച്ചുറച്ചതായിരുന്നു. അക്ബറിന്റെ പുസ്തകങ്ങളിലൂടെയുള്ള പ്രയാണം എന്റെയാ ആഗ്രഹത്തെ തീവ്രാഭിലാഷമാക്കി പരിവര്‍ത്തിപ്പിച്ചു. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നേരമൊട്ടും കളയാതെ ഞാന്‍, നേരെ ജേണലിസം ബിരുദ പഠനത്തിനായി ചേര്‍ന്നു. ഏഷ്യന്‍ ഏജിന്റെ ഡല്‍ഹി ഓഫിസില്‍ 1994-ല്‍ ജോലിക്കായി ചേര്‍ന്നപ്പോള്‍ വിധിയാണ് എന്നെ ഇവിടെ എത്തിച്ചതെന്നും ഈ തൊഴിലില്‍ ഏറ്റവും മികച്ച ജ്ഞാനം ഇവിടെനിന്ന് ആര്‍ജ്ജിക്കാനാകുമെന്നും ഞാന്‍ കരുതി.

പക്ഷേ, ആ പാഠങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ടായിരുന്നു. ആദ്യപാഠം അക്ബര്‍ എന്ന മിഥ്യാധാരണ തകരുന്നതായിരുന്നു. ലളിതമായാണയാള്‍ തന്റെ പാണ്ഡിത്യം അണിഞ്ഞത്; ഒന്നൂടെ വ്യക്തമാക്കിയാല്‍ ഏറെ താഴ്ന്ന നിലവാരത്തില്‍. അയാള്‍ ഓഫീസില്‍ അലറിവിളിച്ചു, പ്രാകി, കള്ളുകുടിച്ചു. ഇതൊക്കെക്കണ്ട് കണ്ണുതള്ളിയ എന്നോട്, “നീ തീരെച്ചെറിയ പട്ടണക്കാരിയാണ്” എന്ന് എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തക കളിയായിപ്പറഞ്ഞു. എന്റെ “തീരെച്ചെറിയപട്ടണവാസിയുടെ” മനോഭാവം കടിച്ചിറക്കി, അടുത്ത രണ്ടുവര്‍ഷം, ചെറുപ്പക്കാരികളായ സബ് എഡിറ്റര്‍മാരുമായുള്ള അയാളുടെ കൊഞ്ചിക്കുഴയല്‍, നിര്‍ലജ്ജമായ പക്ഷപാതിത്വം, അശ്ലീല തമാശകള്‍ ഇവയെല്ലാം ഓഫിസ് സംസ്‌കാരത്തിന്റെ ഭാഗമായി സ്വീകരിക്കാന്‍ ഞാന്‍ പഠിച്ചു.

 

ഏഷ്യന്‍ ഏജിന്റെ ദില്ലി ഓഫീസിനെ അക്ബറിന്റെ അന്തഃപുരം എന്നാണത്രേ ആളുകള്‍ വിവക്ഷിക്കുന്നത് – പുരുഷന്മാരേക്കാള്‍ എത്രയോ അധികമായിരുന്നു അവിടെ ചെറുപ്പക്കാരികള്‍. സബ് എഡിറ്റര്‍മാരുമായും റിപ്പോര്‍ട്ടര്‍മാരുമായുള്ള അയാളുടെ കേളികളെക്കുറിച്ചോ, ഏഷ്യന്‍ ഏജിന്റെ ഓരോ പ്രാദേശിക ഓഫീസിലും അയാള്‍ക്ക് ഒരു ഗേള്‍ഫ്രണ്ട് വീതം ഉണ്ടായിരുന്നതോ ആയ കഥകള്‍ ഓഫിസ് വൃത്തങ്ങളില്‍ പതിവായി കേട്ടു. ഞാനതെല്ലാം ഓഫീസ് സംസ്‌ക്കാരത്തിന്റെ ചെലവില്‍ തള്ളി. അയാളുടെ ശ്രദ്ധയുടെ പരിധിയില്‍ അല്ലാതിരുന്നതിനാല്‍ എന്നെയത് ബാധക്കുമായിരുന്നില്ലല്ലോ.

ഏഷ്യന്‍ ഏജിലെ എന്റെ മൂന്നാംവര്‍ഷം “ഓഫിസ് സംസ്‌ക്കാരം” എന്നെയും തേടിയെത്തി. അയാളുടെ കണ്ണുകള്‍ എന്റെ മേല്‍ പതിച്ചു. അതോടെ എന്റെ പേടിസ്വപ്നങ്ങളുടെ ആരംഭമായി. എന്റെ ഇരിപ്പിടം അയാളുടെ കാബിന് പുറത്ത് അയാളുടെ ഇരിപ്പിടത്തിന് നേരെയായി മാറ്റപ്പെട്ടു. അയാളുടെ മുറിയിലേക്കുള്ള വാതില്‍ ചെറുതായി തുറന്നുകിടന്നാല്‍പോലും ഞാനും അയാളും മുഖാമുഖം വരും. അയാള്‍ എല്ലായ്‌പോഴും എന്നെത്തന്നെ നോക്കിയിരിക്കും; ഏഷ്യന്‍ ഏജിന്റെ ആഭ്യന്തര നെറ്റ്വര്‍ക്ക് വഴി പലപ്പോഴും കാമാതുരമായ സന്ദേശങ്ങള്‍ അയക്കും. അതില്‍പിന്നെ, എന്റെ നിസ്സഹയാവസ്ഥയില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ട് പലപ്പോഴും എന്നെ അയാളുടെ അടഞ്ഞുകിടക്കുന്ന കാബിനിലേക്ക് സംഭാഷണത്തിനായി വിളിപ്പിക്കുക പതിവായി. അവ മിക്കവാറും സ്വകാര്യച്ചുവയുള്ളതായിരുന്നു. എന്റെ കുടുംബപശ്ചാത്തലം, എങ്ങനെയാണ് മാതാപിതാക്കളില്‍ നിന്നകലെ, അവരുടെ അഭീഷ്ടത്തിന് വിരുദ്ധമായി ഡല്‍ഹിയില്‍ ഒറ്റക്ക് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍.

ചിലപ്പോള്‍ അയാളെന്നെ വിളിച്ച് മുന്നില്‍ ഇരുത്തും, തന്റെ പ്രതിവാരപംക്തി എഴുതുമ്പോള്‍, വല്ല പദങ്ങളും പരിശോധിക്കേണ്ട ആവശ്യം വന്നാല്‍ ഓരോ തവണയും സ്വയം എണീറ്റ് പോയി ക്യാബിന്റെ ഒരറ്റത്തെ മൂലയിലുള്ള മേശമേല്‍ വെച്ച ഭീമാകാരന്‍ നിഘണ്ടുവില്‍ നോക്കുന്നതിന് പകരം അപ്പണി ഞാന്‍ ചെയ്യണം എന്ന ഭാവേനയാണ്.

 

ആ നിഘണ്ടു താഴ്ത്തിയാണ് വെച്ചിരിക്കുന്നത് എന്നതിനാല്‍, വല്ല വാക്കും നോക്കണമെങ്കില്‍ വല്ലാതെ കുനിയുകയോ നിലത്തിരിക്കുകയോ വേണം. അപ്പോള്‍ പിറകുവശം അക്ബറിന് നേരെയാകും. 1997ലെ ശരത്കാലത്ത് ഒരിക്കല്‍ ഞാന്‍ നിഘണ്ടുവിന്മേല്‍ പാതി കമിഴ്ന്നടിച്ച് വീണ് ഏതോ പദം പരതിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ പമ്മിപമ്മി എന്റെ പിറകിലെത്തി അരയില് വട്ടംചുറ്റിപ്പിടിച്ചു. നിവരാന്‍ പരിശ്രമിച്ച് കൊണ്ടിരിക്കെ, ഞാന്‍ തികഞ്ഞ ഭയത്തില്‍ ഇടറിപ്പോയി. അയാള്‍ എന്റെ മാറിടത്തില്‍ നിന്ന് ഇടുപ്പിലേക്ക് കയ്യോടിച്ചു. ഞാനയാളുടെ കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചു. പക്ഷേ അയാളപ്പോള്‍ എന്റെ അരക്കെട്ടില്‍ കൈകള്‍ ഉറപ്പിച്ച് തള്ളവിരലുകള്‍ കൊണ്ട് മുലകളുടെ വശങ്ങളില്‍ ഉരസുകയായിരുന്നു.

വാതില്‍ അടഞ്ഞിരുന്നു എന്ന് മാത്രമല്ല, അയാളുടെ പിറക് വശം കൊണ്ട് അതിനെ ബ്ലോക് ചെയ്യുക കൂടി ചെയ്തിരുന്നു. ഭീകരമായ ആ നിമിഷങ്ങളില്‍ എന്റെ മനസ്സില്‍ക്കൂടി പലവിധ ചിന്തകള്‍ മിന്നിമറഞ്ഞു. ഒടുക്കം, അയാള്‍ എന്നെ സ്വതന്ത്രയാക്കി. അപ്പോഴൊക്കെയും ഒരു വിടന്റെ ചിരി അയാളുടെ മുഖത്ത് വിടാതെ ഉണ്ടായിരുന്നു. ഞാന്‍ അയാളുടെ ക്യാബിനില്‍ നിന്നും ടോയ്ലെറ്റിലേക്ക് ഓടി, ഒത്തിരി കരഞ്ഞു. നടുക്കവും ഞാന്‍ അനുഭവിച്ച ഹിംസയും എന്നെ പൂര്‍ണ്ണമായും മൂടിക്കളഞ്ഞിരുന്നു. “ഇതിനിയും സംഭവിച്ച് കൂട; എന്റെ ചെറുത്തുനില്‍പ്, ഞാനയാളുടെ ഗേള്‍ഫ്രന്റുമാരില്‍ ഒരാളാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന സൂചന കൊടുത്തിട്ടുണ്ടാകണം”, ഞാന്‍ സ്വയം ആശ്വസിച്ചു. പക്ഷെ, എന്റെ പേടിസ്വപ്നങ്ങള്‍ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

അടുത്ത ദിവസം വൈകിട്ട് അയാള്‍ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. ഞാന്‍ മുട്ടിക്കൊണ്ട് ഉള്ളിലേക്ക് പ്രവേശിച്ചു. അയാള്‍ വാതിലിന് തൊട്ടടുത്തായി നില്‍ക്കുകയായിരുന്നു. പ്രതികരിക്കാന്‍ കഴിയുന്നതിന് മുന്‍പ്, എന്നെ അയാള്‍ക്കും വാതിലിലും ഇടയില്‍ കുരുക്കിക്കൊണ്ട് അയാള്‍ വാതിലടച്ചു. ഞാന്‍ സ്വാഭാവികമായി വഴുതിമാറിയെങ്കിലും അയാള്‍ എന്നെ കടന്നുപിടിച്ച് ചുംബിക്കാനായി മുന്നോട്ടാഞ്ഞു. എന്റെ വായ മുറുക്കെപ്പൂട്ടി മുഖം ഒരുവശത്തേക്ക് ചെരിക്കാന്‍ ശ്രമിച്ചു. ഉന്തിത്തള്ളല്‍ തുടര്‍ന്നെങ്കിലും വിജയിച്ചില്ല. വിദഗ്ദ്ധമായി ഒഴിഞ്ഞുമാറാനുള്ള ഇടം എനിക്കുണ്ടായിരുന്നില്ല. ഭയം എന്നെ മിണ്ടാട്ടമില്ലാതാക്കിക്കളഞ്ഞിരുന്നു. എന്റെ ദേഹം വാതിലിന് നേരെ തള്ളിക്കൊണ്ടിരിക്കെ എപ്പോഴോ അയാളെന്നെ സ്വതന്ത്രയാക്കി. കണ്ണീരോടെ ഞാന്‍ പുറത്തേക്ക് പാഞ്ഞു. ഓഫിസിന് പുറത്തേക്ക്. സൂര്യകിരണ്‍ ബില്‍ഡിങ്ങിനും പുറത്തേക്ക്, പാര്‍ക്കിങ് ഏരിയയിലേക്ക്. ഏകാന്തമായ ഒരിടം കണ്ടെത്തി കല്‍പ്പടവില്‍ ഇരുന്ന് ഞാന്‍ ഏങ്ങിക്കരഞ്ഞു.

ഗസാല വഹാബ്

എന്റെ മുഴുജീവിതവും വലിയൊരു പൊട്ടായി മങ്ങിക്കണ്ടു. എന്റെ കുടുംബത്തില്‍ നിന്ന് ആദ്യമായൊരാള്‍ ജന്മനഗരമായ ആഗ്രയില്‍നിന്ന് ഡല്‍ഹിയിലേക്ക് പഠിക്കാനും അതില്‍പിന്നെ ജോലിക്കുമായി വരുന്നത് ഞാനാണ്. ഡല്‍ഹിയില്‍ താമസിക്കാനും ജോലി ചെയ്യാനുമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പലപ്രാവശ്യം എനിക്ക് വീട്ടില്‍ പോരടിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ കുടുംബത്തിലെ സ്ത്രീകള്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജോലിക്ക് പോയിട്ടില്ല. ചെറിയ പട്ടണത്തിലെ വ്യാപാരി കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വീട്ടുകാര്‍ ഉറപ്പിക്കുന്ന കല്യാണത്തിന് തയ്യാറാകുക എന്നൊരു നാട്ടുവഴക്കമേ ഉണ്ടായിരുന്നുള്ളൂ. ഞാനീ പുരുഷാധിപത്യശീലങ്ങളെ എതിര്‍ത്തിരുന്നു.

ഞാന്‍ എന്റെ പിതാവില്‍നിന്നുള്ള പണം നിരസിച്ചിരുന്നു; ആവശ്യമുള്ള പണം എനിക്ക് തന്നെ ഉണ്ടാക്കണം എന്നതായിരുന്നു കാരണം. വിജയം വരിച്ച, ആദരം കിട്ടുന്ന ഒരു ജേണലിസ്റ്റ് ആയി മാറുക എന്നതായിരുന്നു എന്റെ അഭിലാഷം. എല്ലാം ഇട്ടെറിഞ്ഞ് പരാജിതയായി വീട്ടിലേക്ക് തിരികെച്ചെല്ലാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

സഞ്ചാരി ചാറ്റര്‍ജി എന്നൊരു സഹപ്രവര്‍ത്തക എന്നെ പാര്‍ക്കിങ് ഏരിയയിലേക്ക് പിന്തുടര്‍ന്നു വന്നു. അയാളുടെ കാബിനില്‍ നിന്ന് കണ്ണീരോടെ പുറത്തേക്ക് ഓടുന്ന എന്നെ അവള്‍ കണ്ടിരുന്നു. എനിക്കൊപ്പം അവള്‍ കുറച്ചുനേരം ഇരുന്നു. എന്തുകൊണ്ട് നിനക്കിതേക്കുറിച്ച് സീമ മുസ്തഫയോട് പറഞ്ഞുകൂടാ? അവള്‍ ആരാഞ്ഞു. “അവര്‍ക്ക് ഒരുപക്ഷേ ഇതേക്കുറിച്ച് അക്ബറിനോട് സംസാരിക്കാന്‍ പറ്റിയേക്കും. അവര്‍ക്കതേക്കുറിച്ച് അറിവുണ്ടെന്നത് അയാളെ പിന്തിരിപ്പിച്ചേക്കും”.

സീമ മുസ്തഫ

സീമ ബ്യൂറോ ചീഫ് ആയിരുന്നു അപ്പോള്‍. ഞങ്ങള്‍ ഇരുവരും ഓഫിസിലേക്ക് തിരിച്ചുനടന്നു. ഞാന്‍ സീമയുടെ ക്യൂബിക്കിളിലേക്ക് പോയി സംഭവങ്ങള്‍ വിവരിച്ചു. അവര്‍ എല്ലാം കേട്ടു, ഒട്ടും അത്ഭുതമില്ലാതെ. എന്തുവേണമെന്ന തീരുമാനം തികച്ചും എന്റെതായിരിക്കും എന്നവര്‍ പറഞ്ഞു. 1997-ലായിരുന്നു ഇത്. ഞാന്‍ ഒറ്റക്കായിരുന്നു, ആശയക്കുഴപ്പത്തില്‍ ആയിരുന്നു, നിസ്സഹായ ആയിരുന്നു, അങ്ങേയറ്റം ഭയന്നിരുന്നു.

ഒടുവില്‍, ഞാന്‍ എന്റെ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി. ഏഷ്യന്‍ ഏജിന്റെ ആഭ്യന്തര മെസ്സേജിംഗ് സംവിധാനം ഉപയോഗിച്ച് ഞാനയാള്‍ക്ക് ഒരു സന്ദേശം അയച്ചു. ഒരെഴുത്തുകാരന്‍ എന്ന നിലക്ക് ഞാനയാളെ എന്തുമാത്രം ആദരിച്ചിരുന്നുവെന്നും, അയാളുടെ പെരുമാറ്റം എന്റെയുള്ളിലെ അയാളുടെ വിഗ്രഹം ഉടയാന്‍ എപ്രകാരം കരണമായിത്തീര്‍ന്നുവെന്നും ഇനിയൊരിക്കലും അയാള്‍ എന്നോട് ഇത്തരത്തില്‍ പെരുമാറരുത് എന്നും പറഞ്ഞുകൊണ്ട്….

അയാള്‍ ഉടനെത്തന്നെ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. ഞാന്‍ കരുതിയത് അയാള്‍ ക്ഷമാപണം നടത്തുമെന്നാണ്. എനിക്ക് തെറ്റി. എന്റെ പ്രതിഷേധങ്ങള്‍ അയാളെ വേദനിപ്പിച്ചത് പോലെ നടിച്ചു അയാള്‍. പിന്നെ നീണ്ടൊരു പ്രഭാഷണവും. എന്നോടുള്ള അയാളുടെ വികാരവായ്പിനെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാതെ ഞാനയാളെ അപമാനിക്കുകയായിരുന്നു എന്ന്.

ആ രാത്രി വീട്ടിലേക്ക് മടങ്ങവേ, കാര്യങ്ങള്‍ എന്റെ കയ്യില്‍നിന്ന് വഴുതിപ്പോകുകയാണെന്ന് എനിക്ക് സ്വയം അംഗീകരിക്കേണ്ടി വന്നു. അങ്ങനെ മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏഷ്യന്‍ ഏജില്‍ പിന്നീടുള്ള ഓരോ നിമിഷവും ഭീതിദമായിരുന്നു. അയാളെന്നെ ക്യാബിനിലേക്ക് വിളിപ്പിച്ച ഓരോ തവണയും ഞാന്‍ ഉള്ളില്‍ ഒരായിരം തവണ മരിച്ചു. വാതില്‍പിടിയില്‍ കൈ ഉറപ്പിച്ച് പാതി തുറന്ന് വെച്ച് കൊണ്ടാണ് ഞാനയാളുടെ മുറിയില്‍ പ്രവേശിക്കുക. ഇത് അയാളെ ഹരംപിടിപ്പിക്കുകയാണ് ചെയ്തത്. ചിലപ്പോള്‍ അയാള്‍ വാതിലിനടുത്തേക്ക് വന്ന് അയാളുടെ കൈ എന്റെ കയ്യിന്മേല്‍ വെക്കുമായിരുന്നു. ചിലപ്പോള്‍ അയാളുടെ ശരീരം എന്റെ ശരീരത്തിന്മേല്‍ ഉരസുമായിരുന്നു. മറ്റുചിലപ്പോള്‍ അയാള്‍ എന്റെ കോട്ടിയ ചുണ്ടുകള്‍ക്ക് നേരെ അയാളുടെ നാക്ക് നീട്ടുമായിരുന്നു. ഓരോതവണയും ഞാനയാളെ തള്ളിമാറ്റി മുറിയില്‍ നിന്ന് ഇറങ്ങിയോടി.

ഇതിനകം എന്റെ കാവല്‍മാലാഖയായി നിലകൊണ്ട എന്റെ സഹപ്രവര്‍ത്തക ഒരു തന്ത്രം പ്രയോഗിച്ചു. ഓരോതവണയും അയാളെന്നെ കാബിനിലേക്ക് വിളിക്കുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടാക്കി അവളും എന്റെ തൊട്ടുപിറകെ കയറും. അവള്‍ എന്റെ സുരക്ഷാ വാല്‍വ് ആയി പ്രവര്‍ത്തിച്ചു.

 

ഇതുപക്ഷേ ഒരളവോളം മാത്രമേ പ്രാവര്‍ത്തികമായിരുന്നുള്ളൂ. ശാരീരിക പ്രയോഗങ്ങള്‍ നടക്കാതെ വന്നപ്പോള്‍ അയാള്‍ വൈകാരിക തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഒരുദിവസം വൈകിട്ടയാള്‍ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ച് തനിക്ക് വേണ്ടി അജ്മീര്‍ ദര്‍ഗയില്‍ പോയി ചരട് കെട്ടണം എന്നപേക്ഷിച്ചു. മറ്റാരെയും വിശ്വാസമില്ലാത്തത് കൊണ്ടാണത്രേ. അജ്മീറില്‍ പോയെന്ന ഭാവത്തില്‍ ഞാന്‍ വീട്ടില്‍ത്തന്നെ ഇരുന്നു.

എങ്ങനെയോ അയാളത് കണ്ടുപിടിച്ച് എന്റെമേല്‍ മതനിന്ദാ പാപം ചുമത്തി. ഇതിനകം ഞാന്‍ വിരുദ്ധമായ അനവധി വികാരങ്ങളില്‍ ആകെ താറുമാറായി – കുറ്റബോധം, അരക്ഷിതാവസ്ഥ, എല്ലാറ്റിനുമുപരി ഭീതിയാല്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനാകാത്ത അവസ്ഥ. ഓഫിസെന്നാല്‍ ഇനിയൊരിക്കലും എന്റെ സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്ന സ്ഥലമല്ല എനിക്ക്. അതൊരു പീഡനകേന്ദ്രമാണ്, എങ്ങനെയും പുറത്തുകടക്കണമെനിക്ക്, പക്ഷേ വാതില്‍ കാണുന്നില്ല… അപ്പോഴും ഞാന്‍ മറ്റൊരു ജോലി കണ്ടെത്താനാകും എന്നും അന്തസ്സോടെ ഏഷ്യന്‍ ഏജില്‍ നിന്ന് പടിയിറങ്ങാമെന്നും വൃഥാ സ്വപ്നം കണ്ടു.

അയാളുടെ ശാരീരിക കയ്യേറ്റങ്ങളെ ഞാന്‍ പരിമിതവഴിയില്‍ പ്രതിരോധിച്ചുവരവേ, എന്റെ പ്രതിരോധം ദുര്‍ബലമാക്കാനായി അയാള്‍ മറ്റൊരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു – വീനു സന്താള്‍, ചീട്ടില്‍ നോക്കി ഭാവി പറയുന്നവള്‍, ഏഷ്യന്‍ ഏജില്‍ പ്രതിവാര കോളം ചെയ്യുന്നുണ്ട്. ഇതിനകം അവര്‍ അക്ബറിന്റെ സ്വകാര്യ ജ്യോതിഷി കൂടി ആയിട്ടുണ്ടായിരുന്നു. എന്റെ രക്ഷക്കായി കയറിയ സഹപ്രവര്‍ത്തകയെ പുറത്താക്കി എന്റെ മേല്‍ പരുക്കന്‍ തലോടല്‍ നടത്തിയ ഒരു മധ്യാഹ്നത്തില്‍, ഞാനാകെ തകര്‍ന്നിരിക്കെ, വീനു എന്റെ ഡെസ്‌കിലേക്ക് വന്ന്, അക്ബര്‍ യഥാര്‍ത്ഥമായും എന്നോട് പ്രണയത്തില്‍ ആണെന്നും അയാളെന്നെ എത്രമാത്രം കെയര്‍ ചെയ്യുന്നു എന്നറിയാന്‍ സാവകാശം നല്‍കണം എന്നും പറഞ്ഞു.

ഈ ജന്തുവിന് നേരെ എനിക്ക് വല്ലാത്ത അറപ്പ് തോന്നി. അയാളുടെ ജ്ഞാനപൂര്‍ണ്ണിമയില്‍നിന്നുള്ള വിവേകം ഒരു ജ്യോതിഷിയെ അയാള്‍ക്ക് വേണ്ടി മാമാപ്പണി ചെയ്യാന്‍ ചുമതലപ്പെടുത്തുമാറ് ഉത്തുംഗത പ്രാപിച്ചുവെന്നോ?! ആ ഘട്ടത്തില്‍ എനിക്കൊന്നിനെക്കുറിച്ചും യാതൊരു ഉറപ്പുമില്ലാതായി. ഞാനയാളെ ചെറുത്തുകൊണ്ടിരുന്നാല്‍ ഇനിയെന്താകും സംഭവിക്കുക? അയാളെന്നെ ബലാല്‍സംഗം ചെയ്യുമോ? അപായപ്പെടുത്തുമോ? പോലീസിനെ സമീപിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പക്ഷെ, ഭയമായിരുന്നു – അയാള്‍ എങ്ങാനും പ്രതികാരം ചെയ്താലോ? പിന്നെ, എന്റെ മാതാപിതാക്കളോട് പറഞ്ഞാലോ എന്നോര്‍ത്തു. പിച്ചവെച്ചു തുടങ്ങിയ എന്റെ കരിയറിന്റെ അവസാനമായിരിക്കുമല്ലോ അതോടെ എന്ന് സ്വയം തിരുത്തുകയും ചെയ്തു.

 

ഉറക്കമില്ലാത്ത അനേകം രാത്രികള്‍ക്ക് ശേഷം, ഏഷ്യന്‍ ഏജില്‍ നിന്ന് കൊണ്ട് വേറെ ജോലി അന്വേഷിക്കുക എന്ന പരിഹാരം സംഭവ്യമല്ല എന്ന് ഞാന്‍ തീര്‍ച്ചയാക്കി. എത്രയും പെട്ടെന്ന് അവിടം വിടണം. അങ്ങനെ, ധൈര്യം സംഭരിച്ച് അയാളോട് ഒരുനാള്‍, ഞാന്‍ ജോലി വിടുകയാണ് എന്ന് പറഞ്ഞു. അയാള്‍ക്ക് സമനില തെറ്റി; അതിഭയങ്കരമായി അലറി. പേടിച്ചരണ്ട ഞാന്‍ കസേരയിലേക്ക് ചുരുണ്ടു. പിന്നെ അയാള്‍ അങ്ങേയറ്റം വികാരാധീനനായി എന്നെ ചേര്‍ത്ത് പിടിച്ച് അയാളെ വിട്ടുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചു. അസ്ഥികളിലോളം വിറയലുമായാണ് ഞാന്‍ ആ മുറിവിട്ട് പുറത്തേക്ക് വന്നത്. ഇത് എന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന അറ്റമില്ലാത്ത ഒരു പേക്കിനാവായി മാറുകയായിരുന്നു. എനിക്ക് വിശപ്പ് ഇല്ലാതായി. ഉറക്കം ഇല്ലാതായി. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള തൃഷ്ണ പോലും നഷ്ടമായി.

പിന്നെയത് കൂടുതല്‍ വഷളായി. അഹമ്മദാബാദില്‍ നിന്ന് പുതിയ ഒരു എഡിഷന്‍ തുടങ്ങുകയാണെന്നും എന്നെ അങ്ങോട്ടയക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നതായും അക്ബര്‍ എന്നോട് പറഞ്ഞു. എന്റെ മാതാപിതാക്കള്‍ അങ്ങോട്ട് പോകാന്‍ അനുവദിക്കില്ലെന്ന എന്റെ നിഷേധങ്ങളെ പുല്ലുവില കല്‍പിച്ച് അയാള്‍ കാര്യമായിത്തന്നെ പ്ലാന്‍ തയ്യാറാക്കാന്‍ തുടങ്ങി. എനിക്ക് അഹമ്മദാബാദില്‍ ഒരു വീട് പ്രദാനം ചെയ്യും; എല്ലാകാര്യങ്ങളും കമ്പനി നോക്കിക്കൊള്ളും. അയാള്‍ അവിടെ വരുമ്പോഴെല്ലാം എന്നോടൊത്ത് കഴിയും.

എന്റെ സംഭ്രമം ആകാശത്തോളം ഉയര്‍ന്നു. ശുദ്ധഭീതിയുടെ ആ നിമിഷത്തിലും എന്റെയുള്ളില്‍ ശാന്തതയുടെ ഒരു സംഭരണി രൂപപ്പെടുന്നത് ഞാനറിഞ്ഞു. ഞാന്‍ മറുത്ത് പറയുന്നത് നിറുത്തി. അടുത്ത ഏതാനും ആഴ്ചകളില്‍ എന്റെ പുസ്തകങ്ങളും മറ്റുമൊക്കെ കുറേശ്ശയായി വീട്ടിലേക്ക് എടുത്ത് മെല്ലെ ഞാന്‍ എന്റെ ഡെസ്‌ക് ക്ലിയര്‍ ആക്കാന്‍ തുടങ്ങി. അങ്ങനെ അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടതിന്റെ തലേന്ന് എന്റെ ഡെസ്‌ക് തീര്‍ത്തും ക്ലിയര്‍ ആയിരുന്നു. എന്റെ രാജിക്കത്ത് എഴുതി ഒരു കവറില്‍ ഇട്ട് ഒട്ടിച്ച് അക്ബറിന്റെ സെക്രട്ടറിയെ ഏല്‍പിച്ചുകൊണ്ട് ഞാന്‍ സാധാരണ ഇറങ്ങുന്ന സമയത്ത് തന്നെ ഓഫിസില്‍ നിന്നിറങ്ങി. പിറ്റേന്ന് വൈകിട്ട് മാത്രമേ ആ കവര്‍ അക്ബറിന് നല്‍കാവൂ എന്ന് ഞാനവളോട് അപേക്ഷിച്ചിരുന്നു. അപ്പോള്‍ മാത്രമെ ഞാന്‍ അഹമ്മദാബാദിലേക്കുള്ള ഫ്‌ലൈറ്റ് പിടിച്ചില്ലെന്ന് വെളിപ്പെടാവൂ.

അടുത്തദിവസം, ഞാന്‍ വീട്ടില്‍ത്തന്നെ തങ്ങി. അക്ബര്‍ ഓഫിസില്‍ നിന്ന് നമ്പര്‍ കരസ്ഥമാക്കി എന്റെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. അയാള്‍ ക്ഷോഭവും വികാരവും കൊണ്ട് പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. ഞാന്‍ വല്ലാതെ ഭയന്നു. അയാള്‍ വീട്ടിലേക്ക് വരികയാണെങ്കില്‍ എന്ത് ചെയ്യും? ആ രാത്രി മുഴുക്കെ ഞാന്‍ ഉറക്കമിളച്ചിരുന്നു. പിറ്റേന്ന് കാലത്തെ ആദ്യ ട്രെയിനില്‍ത്തന്നെ കേറി എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വെച്ചുപിടിച്ചു. വീട്ടിലാരും ഒന്നും ചോദിച്ചില്ല. അവര്‍ക്ക് എന്തോ പന്തികേട് മണത്തിരിക്കണം. ഞങ്ങള്‍ക്കിടയില്‍നിന്ന് കലഹം നാടുനീങ്ങിയിരുന്നു. ഏതാനും ആഴ്ചകള്‍ ഞാന്‍ വീട്ടില്‍ത്തങ്ങി. പിന്നൊരുനാള്‍ ഞാന്‍ ജോലിക്കായി ഡല്‍ഹിയിലേക്ക് തിരിച്ച് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ പിതാവ് എതിര്‍ത്തില്ല. അദ്ദേഹം ആകെ പറഞ്ഞത്, നീ മറ്റൊരു ജോലി നോക്കിക്കോ എന്നുമാത്രമായിരുന്നു. ഞാന്‍ എല്ലാനിയന്ത്രണങ്ങളും വിട്ട് തേങ്ങിക്കരഞ്ഞുപോയി.

കഴിഞ്ഞ 21 വര്‍ഷമായി, ഞാനിതെല്ലാം പിറകിലേക്ക് തള്ളിയതാണ്. വെറുമൊരു ഇരയായി ഒടുങ്ങരുത് എന്ന്, ഒരു വികൃതജന്തുവിന്റെ കാമാസക്തി എന്റെ കരിയര്‍ നശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്ക് ആ പേക്കിനാവുകള്‍ എത്തിനോക്കി പോകാറുണ്ട്. ഇനിയിപ്പോള്‍ തുറന്ന് പറഞ്ഞതോടെ ആ പേക്കിനാവുകള്‍ നിലച്ചേക്കാം.

കടപ്പാട് ദ വയര്‍

ഗസാല വഹാബ്
ഫോഴ്‌സ് മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍