|

രാജ്ഭവന്‍ മ്യൂസിക്കല്‍ ചെയര്‍ ഗെയിം പോലെ; ശ്രീധരന്‍ പിള്ളയുടെ നിയമനത്തില്‍ മിസോറമില്‍ പ്രതിഷേധം; 'ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ആളുകളെ വേണ്ട'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിസോറമെന്ന ചെറിയ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ആരോപിച്ച് മിസോറം കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘടനയായ മിസോ സിര്‍ലെയ് പൗളും രംഗത്ത്. ആര്‍.എസ്.എസ് പശ്ചാത്തലമുള്ളയാളെയല്ല, ക്രിസ്ത്യന്‍ അനുകൂലിയോ മതേതര സ്വഭാവമുള്ളതോ ആയ ഗവര്‍ണറെ നിയമിക്കണമെന്നാണ് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം.

‘ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ തള്ളാനുള്ള സ്ഥലമായാണ് എന്‍.ഡി.എ കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെയാണ് ബാധിക്കുക’, പാര്‍ട്ടി വക്താവ് ദ ടെലഗ്രാഫിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്. ഇതിന് മുമ്പ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനായിരുന്നു മിസോറം ഗവര്‍ണര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരം നിയമനങ്ങളിലൂടെ സംസ്ഥാനത്ത് അടിത്തറ പാകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നും പാര്‍ട്ടി വക്താവ് ദ ടെലഗ്രാഫിനോട് പറഞ്ഞു.

‘മൃദുഭാഷകരായ ബി.ജെ.പി നേതാക്കളെ സൂത്രത്തില്‍ ഇങ്ങോട്ടയച്ച് പ്രാദേശിക ശ്രദ്ധ നേടാനാണ് അവര്‍ ശ്രമിക്കുന്നത്. സമാധാനത്തോടെ ജീവിക്കുന്ന മിസോറം ജനങ്ങളോടാണ് അവരിത് ചെയ്യുന്നത്. പി.എസ് ശ്രീധരന്‍ പിള്ളയുടെ നിയമനത്തിലൂടെ സംസ്ഥാനത്തേക്ക് ഇടിച്ചുകയറുക എന്നതിലപ്പുറം അവര്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.

കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാക്കളെ തള്ളാനുള്ള ഇടമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ സംസ്ഥാനത്തെ കാണുന്നതെന്ന് പ്രിസം സംഘടനയും ആരോപിച്ചു.

ശ്രീധരന്‍ പിള്ളയോട് വ്യക്തിപരമായി യാതൊരു പ്രശ്‌നവും കോണ്‍ഗ്രസിനില്ലെന്നും മിസോറമിനെ ബി.ജെ.പി നേതാക്കളെ തള്ളാനുള്ള ഇടമായി കാണുന്ന കേന്ദ്ര നയത്തോടാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ കുറഞ്ഞത് ഒമ്പത് ഗവര്‍ണര്‍ നിയമനങ്ങളും അവരുടെ സ്ഥലംമാറ്റവുമാണ് ഇവിടെ നടന്നത്. ഞങ്ങള്‍ എല്ലാവരേയും സ്വാഗതം ചെയ്തിട്ടേ ഉള്ളു. രാജ്ഭവന്‍ മ്യൂസിക്കല്‍ ചെയര്‍ ഗെയിം നടത്തുന്നതുപോലെയായിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനയുടെ വക്താവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ