ഐസോള്‍: മിസോറാം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം. കശാപ്പിനായുളള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാമിലെ ഒരുകൂട്ടമാളുകള്‍ ബീഫ് പാര്‍ട്ടി നടത്തിയത്.
“ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്. നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട” എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്.
നഗരകേന്ദ്രത്തിലുള്ള വനാപ ഹാളില്‍ നടന്ന ബീഫ് പാര്‍ട്ടിയില്‍ രണ്ടായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. രാജ്‌നാഥ് സിങ് അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്ന രാജ്ഭവന് 200മീറ്റര്‍ അകലെയായിരുന്നു ബീഫ് പാര്‍ട്ടി നടന്നത്. “സൊലൈഫ്” എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
“തങ്ങള്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുമ്പിലും തീറെഴുതി നല്‍കില്ലെന്ന് മിസോറാം ജനത ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ്.” സോലൈഫിന്റെ പ്രവര്‍ത്തകനായ റെംറുത വാര്‍ടെ പറഞ്ഞു.