| Monday, 21st October 2024, 8:20 am

മിസോറാം വൈദ്യുതി മന്ത്രിയുടെ വണ്ടി തടഞ്ഞ സൈന്യത്തിന്റെ ഫ്യൂസ് ഊരി പ്രതികാരം ചെയ്ത് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസ്വാള്‍: മിസോറാം വൈദ്യുതിമന്ത്രിയുടെ വാഹനം തടഞ്ഞ അസം റൈഫിള്‍സിന്റെ സൈനിക പോസ്റ്റുകളിലെ ഫ്യൂസ് ഊരി മന്ത്രിയുടെ പ്രതികാരം. മിസോറാമിലെ ചമ്പായിലാണ് സംഭവം.

ചമ്പായില്‍ നിന്ന് സ്വവസതിയിലേക്ക് പോവുകയായിരുന്ന വൈദ്യുതമന്ത്രി റോഡ്‌ലിഗ്‌ലിയാനയുടെ വാഹനമാണ് അസം റൈഫിള്‍സ് തടഞ്ഞത്. ഇതിനെത്തുടര്‍ന്ന് മന്ത്രിയും സൈന്യവും തര്‍ക്കമാവുകയും പ്രതികാര നടപടിയെന്നോണം മന്ത്രി സേന കേന്ദ്രങ്ങളിലെ വൈദ്യുതി ഏഴ് മണിക്കൂറോളം വിച്ഛേദിച്ചു എന്നുമാണ് വിവരം.

മേഖലയില്‍ ആയുധക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ പരിശോധനയ്ക്കിടെ മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ സമ്മതിച്ചെങ്കിലും അവര്‍ അവിടെ നിര്‍ത്തുകയായിരുന്നു എന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.

തുടര്‍ന്ന് മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഒടുവില്‍ മന്ത്രി തന്നെ കാറില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും വൈദ്യുതി വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായാണ് സൈന്യം നല്‍കുന്ന വിശദീകരണം.

ശനിയാഴ്ച അസം റൈഫിള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രിയുടെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും സേനയുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. വൈദ്യുതി വിച്ഛേദിക്കുമെന്ന് മന്ത്രിയുടെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ വീഡിയോകളില്‍ വ്യക്തമായി കാണിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.

തര്‍ക്കം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സൈനിക കേന്ദ്രത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പിന്നീട് സേന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ലാല്‍ഡുഹോമയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് രാത്രി 8നും 9.30നും ഇടയില്‍ മാത്രമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. മന്ത്രിയുടെ നടപടി മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്നും സേനയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം വിഷയത്തില്‍ ബി.ജെ.പി മിസോറാം ഘടകം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Mizoram Electricity Minister’s car was blocked by the army and the minister pulled the fuse in military camp

We use cookies to give you the best possible experience. Learn more