ഐസ്വാള്‍: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മിസോറമില്‍ നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ലാല്‍ തന്‍ഹവ്‌ലക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. സെര്‍ച്ചിപ്പില്‍ മണ്ഡലത്തിലാണ് ലാല്‍ തന്‍ഹവ്‌ല നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ എസ്.ബി ശശാങ്കിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് തന്‍ഹവ്ലയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ പോയത്. രണ്ടു മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്ന തന്‍ഹവ്ല നിയമസഭയിലേക്ക് പത്താം തവണയാണ് ജനവിധി തേടുന്നത്.
മുഖ്യ വരണാധികാരിയുടെ ഓഫീസിനു സമീപം നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പത്രിക സമര്‍പ്പണം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അഡീഷനല്‍ ഡെപ്യൂട്ടി കമ്മിഷനര്‍ അറിയിച്ചു.
ഈ മാസം ഒന്‍പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സെര്‍ച്ചിപ്പിനു പുറമെ ചംബയ് സൗത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. സെര്‍ച്ചിപ്പിലെ പത്രിക സമര്‍പ്പണം നടക്കാത്തതിനെ തുടര്‍ന്ന് തന്‍ഹവ്‌ല പ്രചരണങ്ങള്‍ക്കായി ചംബയ് സൗത്തിലേക്ക് തിരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. നവംബര്‍ 28നാണ് 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
ബ്രൂ വംശജരോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുന്ന ശശാങ്കിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സന്നദ്ധ സാമൂഹിക സംഘടനകളുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നത്. ബ്രൂ വംശജരെ പിന്തുണച്ചതിലൂടെ മിസോറമിലെ ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പു കമ്മിഷനും സി.ഇ.ഒയും വ്രണപ്പെടുത്തുകയാണെന്നാണ് സമരക്കാരുടെ പരാതി.
ശശാങ്കിനു മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മിസോറം സ്വദേശിയായ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാല്‍നന്‍മാവിയ ചുവാങോയെ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതും ശശാങ്കിനെതിരായ രോഷം ശക്തമാകാന്‍ കാരണമായി.