ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ മിയാമുസ്‌ലിം യാത്ര എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മുസ്‌ലിങ്ങൾ കൂടുതൽ ഉള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് കുടിയേറിയ മുസ്‌ലിങ്ങളെ വിളിക്കുന്ന ബംഗാളി വാക്കാണ് മിയാ. ‘മുസ്‌ലിങ്ങൾ ഉള്ളിടത്ത് ഒരു ജനക്കൂട്ടമുണ്ടാകും, മുസ്‌ലിങ്ങളില്ലാത്തിടത്ത് ആൾക്കൂട്ടവുമുണ്ടാകുന്നില്ല. മുസ്‌ലിം സ്ത്രീകൾ പോലും ഈ യാത്രയിൽ പങ്കെടുക്കില്ല. പുരുഷൻമാർ മാത്രമേ കാണൂ’. ഞാൻ ഈ യാത്രക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നില്ല. കാരണം കുറച്ച് മുസ്‌ലിങ്ങൾ മാത്രം പങ്കെടുക്കുന്ന ഒരു യാത്രയാണിത്.
രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് അസമിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ് എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസ് യാത്രയെക്കുറിച്ചുള്ള അസം മുഖ്യമന്ത്രിയുടെ പരാമർശം. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണ് ഗാന്ധി കുടുംബമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ച്ചയാണ് നാഗാലാൻഡിൽ നിന്ന് അസമിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച സംസ്ഥാനത്ത് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത് മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) നേതൃത്വത്തിലുള്ള അസം സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്ര വിജയിക്കാതിരിക്കാൻ ഹിമന്ത് ബിശ്വ ശർമ്മ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ജനുവരി 25 വരെ ഞങ്ങൾ അസമിലാണ്. ഭാരത് ജോഡോ യാത്ര ഇവിടെ വിജയിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അസം സർക്കാർ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു, എന്നാൽ യുവാക്കളും സ്ത്രീകളും ഉൾപ്പെടെ അസമിലെ എല്ലാ വിഭാഗങ്ങളും ബി.ജെ.പി ക്ക് ചെവികൊടുകുന്നില്ലെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. രാഹുൽ ഗാന്ധിക്ക് പറയാനുള്ളത് കേൾക്കൂ,” അദ്ദേഹം പറഞ്ഞു.
Content Highlight : It’s Miya Yatra’: Himanta as Cong’s Bharat Jodo Nyay Yatra enters Assam